തിരുവനന്തപുരം: കോമഡി ആർട്ടിസ്റ്രായിരുന്ന കുടപ്പനക്കുന്ന് സ്വദേശി സന്ധ്യ കൊവിഡ് ആരംഭിച്ചതോടെയാണ് തട്ടുകട തുടങ്ങിയത്. കോമഡി പരിപാടികളുമായി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്കുള്ള യാത്ര ഉത്സവങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ അവസാനിച്ചു. പിന്നെ ഉപജീവനത്തിനായി കുടപ്പനക്കുന്നിൽ തട്ടുകട തുടങ്ങി. തരക്കേടില്ലാത്ത രീതിയിൽ കച്ചവടവുമുണ്ടായിരുന്നു. ജീവിതം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകുമ്പോഴാണ് കൊവിഡ് രണ്ടാംതരംഗം ശക്തമായത്. കടം വാങ്ങി ആരംഭിച്ച തട്ടുകട പൂട്ടേണ്ടിവന്നതോടെ വരുമാനമാർഗം അടഞ്ഞു. കഴിഞ്ഞ ദിവസം കാലങ്ങൾക്ക് ശേഷം കിട്ടിയ ഒരു ഡബ്ബിംഗിനായി സ്കൂട്ടറിൽ സഞ്ചരിക്കവേ വഴുതക്കാട്ടുവച്ച് സന്ധ്യയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് സന്ധ്യ. എന്ത് ചെയ്യുമെന്ന് അറിയില്ല, മുന്നിൽ ലോണുകളുടെ വലിയ നിര തന്നെയുണ്ട്. ലോക്ക്ഡൗൺ ഇളവുകൾ വരുമ്പോൾ തട്ടുകട തുറക്കാൻ അനുമതി ലഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സന്ധ്യ. അതിന് മുൻപ് ആരോഗ്യം വീണ്ടെടുക്കാനാകണം എന്ന ആഗ്രഹം മാത്രമാണ് കൂടെ. ഒരു സന്ധ്യയുടെ മാത്രം കഥയല്ലിത്. കൊവിഡ് കാലം ആരംഭിച്ചതുമുതൽ നല്ലകാലം അവസാനിച്ച ആയിരക്കണക്കിനാളുകളാണ് ജില്ലയിലുള്ളത്. കഷ്ടപ്പാടുകളുണ്ടെങ്കിലും തട്ടിയും മുട്ടിയും മുന്നോട്ടൊഴുകിയിരുന്ന ജീവിതത്തിന്റെ ഒഴുക്ക് കൊവിഡ് വ്യാപനത്തോടെ നിശ്ചലമായവർ. ഭക്ഷണം, മരുന്ന്, മക്കളുടെ വിദ്യാഭ്യാസം, ലോണുകൾ, വീട്ടുവാടക ഉൾപ്പെടെ മുന്നിൽ ആവശ്യങ്ങളുടെ വലിയ ലിസ്റ്റുള്ളപ്പോഴും ഇവർക്ക് മുന്നിൽ വഴികളൊന്നുമില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കച്ചവടം നടത്തിയിരുന്ന നൂറുകണക്കിനാളുകൾക്കും കഷ്ടകാലത്തിന്റെ നാളുകളാണിത്. കപ്പലണ്ടി, പാനിപൂരി തുടങ്ങിയ വിൽക്കുന്നവർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരുടെയൊക്കെ വരുമാനമാർഗം നിലച്ചു. ഇവരിൽ പലർക്കും ചികിത്സയ്ക്കായി മാത്രം ഓരോ മാസവും വലിയ തുക വേണം. വീട്ടിലെ പാത്രങ്ങൾ വരെ വിറ്റ് ചെലവിന് പണം കണ്ടെത്തുന്നവർ നമുക്ക് ചുറ്റുമുണ്ടെന്നുള്ളതിൽ അതിശയോക്തിയില്ല.
ഭാഗ്യദേവത കനിയാത്ത ലോട്ടറി വിൽപ്പനക്കാർ
ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം കണ്ടെത്തുന്നവർക്കും പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഇനിയും കാലങ്ങൾ വേണ്ടിവരും. ലോട്ടറി നറുക്കെടുപ്പ് പുനഃരാരംഭിച്ചെങ്കിലും മുൻപത്തേതുപോലെ വിൽപ്പന സജീവമായിട്ടില്ല. ലോട്ടറി വിൽക്കുന്നവരിൽ ഏറിയ പങ്കും ഭിന്നശേഷിക്കാരും പ്രായമേറിയവരുമാണ്. ഇവരുടെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കൊവിഡ് പിടികൂടുമോയെന്ന പേടിയുണ്ടെങ്കിലും പുറത്തിറങ്ങാതെ ഇവർക്ക് മുന്നിൽ വേറെ വഴിയില്ല.
ജില്ലയിൽ ഏകദേശം 30,0000ലധികം ലോട്ടറി തൊഴിലാളികളാണുള്ളത്. പത്ത് ടിക്കറ്റുകൾ പോലും ഒരു ദിവസം വിൽക്കാനാവുന്നുമില്ല. വരുമാനം നിലച്ചിരിക്കുമ്പോൾ ആരാണ് ലോട്ടറി ടിക്കറ്റെടുക്കാൻ തയ്യാറാവുകയെന്ന് ഇവർ തന്നെ ചോദിക്കുന്നു. ആരോഗ്യപരമായ വെല്ലുവിളികളുള്ളതിനാൽ മറ്റ് ജോലികൾക്ക് പോകാനുമാവില്ല. ലോട്ടറി തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് 1000 രൂപ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ടെങ്കിലും അത് എല്ലാവരിലേക്കുമെത്തിയിട്ടില്ല.
ജില്ലയിൽ 30,0000ൽ അധികം ലോട്ടറി തൊഴിലാളികളുണ്ട്
ഭിന്നശേഷിക്കാരാണ് ലോട്ടറി വില്പനക്കാരിലധികവും