വർക്കല: വർക്കല നഗരസഭ പ്രദേശത്തെ മുണ്ടയിൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ കാഴ്ച മറയ്ക്കുംവിധം കാട്ടുചെടികളും വൃക്ഷങ്ങളുടെ ശിഖരങ്ങളും റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായാണ് നാട്ടുകാരുടെ പരാതി.മുണ്ടയിൽ കാവിന് സമീപമാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. വർക്കല- ജവഹർ പാർക്ക് റോഡ്, ജനാർദ്ദന പുരം- കുമിളി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, വാച്ചർ മുക്ക് റോഡ് എന്നീ പ്രധാന റോഡുകൾ സംഗമിക്കുന്നത് മുണ്ടയിൽ ജംഗ്ഷനിലാണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇടറോഡുകളിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്.ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. ജംഗ്ഷനിൽ നിന്നും ജനാർദ്ദനപുരം -കുമിളി ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ പാർശ്വഭാഗത്തുള്ള ഓടയ്ക്ക് മേൽമൂടി പോലും സ്ഥാപിച്ചിട്ടില്ല. ഇവിടെ ഒത്ത വളവ് ആയതിനാൽ സംരക്ഷണ ഭിത്തി കെട്ടി പൊതുജന സുരക്ഷ ഉറപ്പാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ജംഗ്ഷനു സമീപത്ത് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ പലപ്പോഴും വൈദ്യുതിലൈനിന് മുകളിൽ ഒടിഞ് വീണ് വൈദ്യുതിബന്ധം തകരാറിലാവുന്നതും പതിവാണ്. ഇക്കഴിഞ്ഞ പേമാരിയിൽ ജംഗ്ഷനിൽ നിരവധി മരങ്ങളാണ് റോഡിലേക്ക് കടപുഴകിയത്.
റോഡ് നിർമ്മാണം അശാസ്ത്രീയം
മുണ്ടയിൽ കുമളി റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായി തീർന്നിട്ടുണ്ട്.
റോഡിന്റെ പലഭാഗത്തും ഊറ്റ് റോഡിലൂടെ ജലം ഒഴുകി പരക്കും. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡിൽ ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ തെന്നി വീണ് പരിക്കേൽക്കുന്നതും പതിവുകാഴ്ചയാണ്. അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ റോഡ് നിർമ്മാണം. ഊറ്റ് പൊട്ടി ഒഴുകുന്ന ജലം റോഡിന് അടിയിലൂടെ ഒഴുക്കി വിടുന്നതിന് പൈപ്പുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവുo അധികൃതർ കൈയൊഴിഞ്ഞ നിലയിലാണ്.
പണികൾ മാത്രമില്ല
വർക്കല റെയിൽവേ സ്‌റ്റേഷനിൽ നിന്നും മുണ്ടയിൽക്കാവ് വഴി പാപനാശം, ശ്രീജനാർദ്ദനസ്വാമി ക്ഷേത്രം, ക്ലിഫ്, നാഷണൽ സെന്റർ ഫോർ പെർമോഫിംഗ് ആർട്ട്സ് എന്നിവിടങ്ങളിലേക്കുള്ള ലിങ്ക് റോഡാണ് വർഷങ്ങളായി ഒരു അറ്റകുറ്റപ്പണിയും നടത്താതെ വെള്ളക്കെട്ടായി തുടരുന്നത്. മാറി മാറി ടെൻഡറുകൾ നൽകുന്നുണ്ടെങ്കിലും നാളിതുവരെയും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല.