vc

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു നിയമനം ലഭിക്കാൻ നൽകിയ ബയോഡേറ്റയിൽ നൽകിയ വിവരങ്ങൾ മിക്കതും വ്യാജമെന്ന് വിവരാവകാശരേഖകൾ.
തമിഴ്നാട് സ്വദേശിയായ അദ്ദേഹം അവിടെ കാർഷിക സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗം പ്രൊഫസറായിരിക്കെയാണ് 2017ൽ വി.സി പദവിയിൽ എത്തിയത്. അധിക യോഗ്യതയുണ്ടെന്ന് സ്ഥാപിക്കാൻ എഴുതിച്ചേർത്ത വിവരങ്ങൾ തെറ്റാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകൾ കേരളകൗമുദിക്ക് ലഭിച്ചു.

ബയോഡേറ്റയിലെ വിവരങ്ങൾ ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷിക്കാതെ സെലക്ഷൻ കമ്മിറ്റി 2017 ഡിസംബർ 23ന് യോഗം ചേർന്ന് ഡോ.ചന്ദ്രബാബുവിനെ ശുപാർശ ചെയ്യുകയായിരുന്നു. കമ്മിറ്റി ഉച്ചയ്ക്ക് ശുപാർശ നൽകി, വൈകിട്ടോടെ അന്നത്തെ ഗവർണറുടെ ഓഫീസിൽനിന്ന് നിയമന ഉത്തരവും ഇറങ്ങി. അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതല ഏല്ക്കുകയും ചെയ്തു. 2022 ഒക്ടോബർ വരെ പദവിയിൽ തുടരാം.

യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി തള്ളിക്കളയുകയാണ് പതിവ്. അങ്ങനെ നടന്നില്ലെന്നു മാത്രമല്ല, പിന്നീട് യാതൊരു പരിശോധനയും നടത്തിയില്ല.

നിശ്ചിത യോഗ്യതയുള്ള മലയാളികളായ ഇരുപതിലേറെ കൃഷി ശാസ്ത്രജ്ഞർ അപേക്ഷകരായിരുന്നു.

ബയോഡേറ്റയിൽ പറയുന്നത്

# 2013 മുതൽ 2018 വരെ ജപ്പാനിലെ ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ

# യു.എസ്.എയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് സയന്റിസ്റ്റ്

# 2017 ജനുവരിയിൽ മാത്രം നാല് അമേരിക്കൻ സർവകലാശാലകളിൽ വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണം നടത്തി

# കാശ്മീരിലെ ഷേർ ഇ കാശ്മീർ, മധുര കാമരാജ് യൂണിവേഴ്‌സിറ്റി, തിരുവനന്തപുരത്തെ ഐസർ അടക്കമുള്ള 11 സ്ഥാപനങ്ങളുമായി പങ്കാളിത്ത ഗവേഷണവും അക്കാഡമിക സഹകരണവും

# കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 10.8 കോടിയുടെ രണ്ടു പദ്ധതികൾ നടപ്പാക്കി

സ്ഥാപനങ്ങൾ അറിയിച്ചത്

# ഡോ.ചന്ദ്രബാബു വിസിറ്റിംഗ് സയന്റിസ്റ്റ് ആയിരുന്നില്ലെന്ന് അമേരിക്കയിലെ ഡ്യൂക്, കാലിഫോർണിയ, നോർത്ത് കരോലിന യൂണിവേഴ്‌സിറ്റികളുടെ ഇ-മെയിൽ

# 38 വർഷത്തെ സേവനത്തിനിടയിൽ ചന്ദ്രബാബു വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറോ സയന്റിസ്റ്റോ ആയിട്ടില്ലെന്ന് തമിഴ്നാട് കാർഷിക സർവകലാശാല

# പങ്കാളിത്ത ഗവേഷണമോ അക്കാഡമിക സഹകരണമോ ഇല്ലെന്ന് മധുര കാമരാജ് യൂണിവേഴ്‌സിറ്റി, തിരുവനന്തപുരത്തെ ഐസർ അടക്കമുള്ള 11 സ്ഥാപനങ്ങൾ.

# നടപ്പിലാക്കി എന്ന് അവകാശപ്പെട്ട 10.8 കോടിയുടെ രണ്ടു പദ്ധതികൾ ഇല്ലാത്തവയാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്

(പ്രതികരണത്തിന് ഡോ.ചന്ദ്രബാബുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല)