സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് തന്നെ പ്രാബല്യത്തിലുണ്ടായിരുന്ന 1947 - ലെ അഴിമതി നിരോധന നിയമമാണ് പൊതുജനസേവകരുടെ കൈക്കൂലിയും അഴിമതിയും തടയാൻ പ്രയോഗത്തിലുണ്ടായിരുന്നത്. നിയമം പാസാക്കിയതു തന്നെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള വകുപ്പുകൾ അപര്യാപ്തമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. 1988-ൽ 1947-ലെ അഴിമതി നിരോധന നിയമത്തിൽ സമഗ്രമാറ്റം വരുത്തി പുതുയൊരു നിയമം പാർലമെന്റ് പാസാക്കി. 9-9-1988 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. തികച്ചും ശക്തവും അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം നൽകുന്നതുമായ തരത്തിലായിരുന്നു നിയമം. നിയമത്തിന്റെ പ്രത്യേകത, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമേ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾ, സഹകരണ പ്രസ്ഥാനങ്ങളിലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ പൊതുജനക്ഷേമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർവരുടെയും പേരിൽ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് ശിക്ഷണ നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസിക്ക് സ്വതന്ത്രാധികാരം ഉണ്ടായിരുന്നു എന്നതായിരുന്നു.
കഴിഞ്ഞ മുപ്പതുവർഷമായി ഈ നിയമം അനുസരിച്ച് സി.ബി.ഐയും സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളും സ്വതന്ത്രമായി പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ പല പ്രമുഖരും തടവറയിലടയ്ക്കപ്പെട്ടു. ഇത് അഴിമതിക്കാരുടെയും അഴിമതി പ്രോത്സാഹിപ്പിക്കുന്നവരുടെയും ഉറക്കം കെടുത്തി. പല അഴിമതിക്കേസുകളിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട അന്വേഷണ ഏജൻസികൾ, ഭരിക്കുന്ന സർക്കാരിന്റെ ഇംഗിതത്തിനു വഴങ്ങുന്നതായി ബോദ്ധ്യപ്പെട്ട നീതിന്യായ കോടതികൾ അന്വേഷണ ഏജൻസിയെ 'കൂട്ടിലടച്ച തത്ത" എന്നു വിശേഷിപ്പിച്ച് വിധിന്യായങ്ങളിലൂടെ താക്കീതു നൽകിയതു നാം കണ്ടതാണ്. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥിതി, ആശങ്കയ്ക്ക് പരിഹാരമെന്ന നിലയിൽ, കേന്ദ്ര സർക്കാർ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെയും പേരിൽ അന്വേഷണം നടത്താൻ, സി.ബി.ഐ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് നിഷ്കർഷിച്ചുകൊണ്ട് ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് ആക്ടിൽ 6 എ എന്ന വകുപ്പ് ചേർത്ത് ഭേദഗതി കൊണ്ടുവന്നു. ഭേദഗതിയെ ചോദ്യം ചെയ്ത് ഡോ. സുബ്രഹ്മണ്യസ്വാമി സമർപ്പിച്ച ഹർജിയിൽ പ്രസ്തുത വകുപ്പ് വിവേചനപരമാണെന്നു കണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് റദ്ദ് ചെയ്തു. എന്നാൽ അന്വേഷണത്തിന് ചുമതലപ്പെട്ട ഏജൻസികൾക്ക് കടിഞ്ഞാണിടാൻ കഴിയാതെ വന്നപ്പോൾ 2017-ൽ കേന്ദ്ര സർക്കാർ
അഴിമതി നിരോധനനിയമത്തിൽ കാതലായ ഭേദഗതി വരുത്തി. അഴിമതിക്കുറ്റങ്ങളിൽ പലതും ലഘൂകരിക്കപ്പെട്ടെന്നു മാത്രമല്ല, സർക്കാരിന്റെ അനുമതി കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ അധികാരമില്ലെന്ന തരത്തിൽ 17 -A എന്ന വകുപ്പ് കൂട്ടിച്ചേർത്തു.
ഇപ്രകാരമുള്ള ഈ വകുപ്പു പ്രകാരം പൊതുജനസേവകൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ടു ചെയ്യുന്ന കർത്തവ്യങ്ങളിലും തീരുമാനങ്ങളിലും അഴിമതി ആരോപിക്കപ്പെട്ടാൽ അന്വേഷിക്കുന്നതിനു മുമ്പ് അന്വേഷണ ഏജൻസി സർക്കാരിന്റെ അനുമതി തേടണം. അങ്ങനെ രാജ്യത്തെ അഴിമതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഓഫീസർമാർക്ക് അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഇന്ന് അധികാരമില്ല. ഇപ്രകാരം അഴിമതി നിരോധന നിയമത്തെ അഴിമതി പ്രോത്സാഹന നിയമമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ഭേദഗതി വരുത്തി. 2018 ജൂലായ് 26 മുതൽ ഈ ഭേദഗതി നിയമം പ്രാബല്യത്തിൽ അന്നു. ഇക്കാരണത്താൽ ഭരണത്തിലിരിക്കുന്ന സർക്കാരുകൾക്കും അവരുടെ ഉദ്യോഗസ്ഥർക്കും സർക്കാർ സംരക്ഷണയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കാനും അഴിമതി നടത്താനും കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ആരോപിക്കപ്പെടുന്ന ഗൗരവമേറിയ പല അഴിമതികളും പിടിക്കപ്പെടാതെ വരുന്നതും പുറംലോകം കാണാതെ പോകുന്നതും ഭേദഗതി നിയമത്തിന്റെ പരിരക്ഷയിലാണ്.
നിഷ്പക്ഷവും നീതിപൂർവവുമായ സമീപനമാണ് ലക്ഷ്യമെങ്കിൽ ഭേദഗതി നിയമത്തിലെ 17 എ വകുപ്പ് പ്രകാരമുള്ള അഴിമതി ആരോപണങ്ങളിലെ അന്വേഷണ അനുമതിയെ സംബന്ധിച്ചുള്ള ശുപാർശ നൽകാൻ ഒരു സ്വതന്ത്ര ഏജൻസി അടിയന്തരമായി നിയോഗിക്കപ്പെടണം. ആയതിന് ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാറ്റ്യൂട്ടറി കമ്മിഷനെ ചുമതലപ്പെടുത്തണം. കമ്മിഷൻ പരാതിക്കാരനെ കേട്ടശേഷം ഉന്നയിക്കുന്ന ആരോപണം സംബന്ധിച്ച് പ്രാഥമിക തെളിവുകൾ പരിശോധിച്ച് അന്വേഷണത്തിലുള്ള അനുമതിയിൽ തീരുമാനമെടുത്ത് വേണ്ട ശുപാർശ സർക്കാരിന് സമർപ്പിക്കുന്ന വ്യവസ്ഥിതിക്ക് രൂപകല്പന ചെയ്യുക. അങ്ങനെയായാൽ പുതിയ ഭേദഗതിയിലൂടെ സർക്കാരിൽ നിക്ഷിപ്തമായ അന്വേഷണാധികാരത്തിന്റെ ദുരുപയോഗം തടയാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. അല്ലാത്തപക്ഷം അഴിമതി കൊടികുത്തിവാഴുന്ന സാമൂഹികാന്തരീക്ഷം സംജാതമാകും.
(ലേഖകൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മുൻ അഡിഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷനാണ്. ഫോൺ: 9447174055.)