അനുദിനമെന്നോണം വികസിതമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശ്രീനാരായണ സാഹിത്യം. തെക്കേ ഇന്ത്യയിൽ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ളത് ഗുരുദേവനും അവിടത്തെ തത്വദർശനവുമാണ്. ഗുരുദേവന്റെ ജീവിത ചരിത്രശാഖയിൽ തന്നെ ഗദ്യപദ്യങ്ങളിലായി ഏതാണ്ട് 500 ലധികം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്തിട്ടുണ്ട്. ഗുരുദേവകൃതികളുടെ വ്യാഖ്യാനങ്ങൾ ജീവിതചരിത്രപഠനം തത്വദർശനത്തിന്റെ ആവിഷ്കാരം എന്നീ മേഖലകൾ കൂടിയാകുമ്പോൾ മൂവായിരത്തിലധികം ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവ ജീവിതചരിത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും പുതിയതായി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ടി.ഡി. സദാശിവന്റെ 'ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ". ഗുരുദേവ ജീവിത ചരിത്ര ഗ്രന്ഥങ്ങൾ ഇത്രയധികം ഉണ്ടായിട്ടുണ്ടെങ്കിലും പുതിയൊരു ഗ്രന്ഥത്തിന്റെ പ്രസക്തിയെന്ത് എന്ന് ചോദിച്ചേക്കാം. എത്ര പേരിരുത്തെഴുതിയാലും പൂർണമാകാത്ത ആഴവും പരപ്പും ഉള്ളതാണ് ശ്രീനാരായണ ചരിതാമൃതം. ഗുരുദേവനെക്കുറിച്ചുള്ള ഒാരോ ഗ്രന്ഥങ്ങളും അനുവാചകരെ സംബന്ധിച്ച് പൂർണവും അതുപോലെതന്നെ അപൂർണവുമാണെന്ന് കാണാൻ കഴിയും. പല ചരിത്രകാരന്മാരും നേരത്തെ ഉണ്ടായിട്ടുള്ള ചരിത്രഗ്രന്ഥങ്ങളെ പിൻതുടരുകയും അല്പം പുതുമകൾ ആവിഷ്കരിക്കുകയും ചെയ്യും. ശൈലിക്കും ആശയത്തിനും അല്പം ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എന്നാൽ ടി.ഡി. സദാശിവന്റെ ഗുരുചരിതം അങ്ങനെയുള്ള ചർവ്വിതചർവണമായ ഒരു ചരിത്രമല്ല. പ്രത്യുത ഗുരുദേവ ചരിത്രത്തിൽ ഇനിയും വെളിച്ചം കാണാതിരുന്ന ചരിത്ര സംഭവങ്ങളെ അദ്ദേഹമിവിടെ ആലേഖ്യം ചെയ്തിരിക്കുന്നു. അതിനാൽ മറ്റു ചരിത്രഗ്രന്ഥങ്ങളിലില്ലാത്ത നിരവധി സംഭവങ്ങൾ ഗവേഷണബുദ്ധ്യാ കണ്ടെത്തി 'ചെമ്പഴന്തിയിലെ സ്നേഹസൂര്യനി"ലൂടെ സദാശിവൻ കൈരളീസമക്ഷം കാഴ്ചവയ്ക്കുന്നു.
ചരിത്ര നിർമ്മിതിക്കായി ഗ്രന്ഥകർത്താവ് ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങി ശ്രീനാരായണ ഗുരുദേവൻ കൂടുതൽ കാലം സന്നിധാനം ചെയ്ത പുണ്യകേന്ദ്രങ്ങളിൽ നിരവധി പ്രാവശ്യം സഞ്ചരിച്ച് ചരിത്ര സത്യങ്ങളെ കണ്ടെത്തി ഇൗ കൃതിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. അതിനാൽ ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ ചരിത്രപഠിതാക്കൾക്ക് ഒരു മുതൽകൂട്ടാണെന്ന് തീർത്തും പറയാവുന്നതാണ്.
കൊല്ലം പ്രാക്കുളം സ്വദേശിയായ ടി.ഡി. സദാശിവന്റെ മാതാവിന് ഗുരുദേവനെ ദർശിക്കുവാനും തൃക്കൈയിൽനിന്നും പഴംവാങ്ങി അനുഗ്രഹം നേടുവാനും പരമഭാഗ്യം സംലബ്ധമായിട്ടുണ്ട്. ഗുരുദേവൻ നിരവധി പ്രാവശ്യം എഴുന്നെള്ളി വിശ്രമം കൈക്കൊണ്ടിട്ടുള്ളതാണ് പ്രാക്കുളം, നീരാവിൽ തുടങ്ങിയ ഭൂപ്രദേശങ്ങൾ. തൃപ്പാദങ്ങൾ പ്രാക്കുളത്ത് പ്രതിഷ്ഠ നടത്തിയ കുമാരമംഗലം ക്ഷേത്രവും പ്രസിദ്ധമാണ്. അതുപോലെ ഗുരുദേവൻ സമുദ്ഘാടനം ചെയ്ത നീരാവിൽ സ്കൂളും പ്രസിദ്ധമാണ്. ഉദ്ഘാടന വേളയിൽ ഗുരുദേവനോടൊപ്പം ചട്ടമ്പിസ്വാമികളും മഹാകവി കുമാരനാശാനും ഉണ്ടായിരുന്നുവെന്നത് ചരിത്രം. ആ ചരിത്രങ്ങളെല്ലാം ഗ്രന്ഥകർത്താവ് ഇതിൽ എത്രയും സമാകർഷകമാംവിധം ചേർത്തിട്ടുണ്ട്. മുപ്പത്തിയേഴ് അദ്ധ്യായങ്ങളിലായി 300 പേജിൽ ഗ്രഥനം ചെയ്തിരിക്കുന്ന ഇൗ സദ്ഗ്രന്ഥം ടി.ഡി. സദാശിവന്റെ പതിനാറാമത്തെ ഗ്രന്ഥമാണ്. ഇൗ ഗ്രന്ഥത്തിന്റെ മുഖ്യസവിശേഷതകളിൽ ഒന്ന് ഗുരുദേവന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ എന്ന മഹിതസന്ദേശം നൽകിയ ഗുരുദേവൻ നാടൊട്ടുക്ക് സഞ്ചരിച്ച് നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കുകയുണ്ടായി. മറ്റു ചരിത്രകാരന്മാർ വിട്ടുപോയ ഇക്കാര്യങ്ങൾ നല്ല മികവോടെ ഗ്രന്ഥകർത്താവ് ആലേഖ്യം ചെയ്തിരിക്കുന്നു.
അതുപോലെ ഗുരുചരിതത്തിൽ ഇതിനകം വിവാദപരമായി തീർന്നിട്ടുള്ള കേവലം സങ്കല്പമാത്രമായ ഗുരുവിന്റെ വിവാഹം, ചട്ടമ്പിസ്വാമിയുമായിട്ടുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ഗ്രന്ഥകർത്താവ് തികച്ചും അവധാനതയോടെ അവതരിപ്പിക്കുന്നു. സംശയങ്ങളൊന്നും ബാക്കി വെയ്ക്കാതെ പ്രകൃതാവിഷയം ഗ്രന്ഥകർത്താവ് സസൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ശ്രീമദ് ഗീതാനന്ദ സ്വാമികൾ, സ്വാമി ധർമ്മാനന്ദജി, ടി.കെ. മാധവൻ തുടങ്ങി മഹത്തുക്കളുടെ അഭിപ്രായങ്ങളെ സ്വീകരിച്ചുകൊണ്ട് ഉഗ്രവ്രതനായ ഗുരുവിന്റെ ജീവിതരേഖ വസ്തുനിഷ്ഠമായി ഗ്രന്ഥകർത്താവ് വിശദമാക്കുന്നുണ്ട്. ഗുരു രണ്ടുവർഷം ഭാര്യയോടൊപ്പം ചെമ്പഴന്തിയിൽ താമസിച്ചുവെന്ന പി.കെ. ബാലകൃഷ്ണന്റെ കെട്ടുകഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. 'ലോകത്തിൽ രണ്ടേരണ്ട് ബ്രഹ്മചാരികളെ ഉള്ളൂ. ഒന്ന് യേശുക്രിസ്തു. പിന്നൊന്നു ശ്രീനാരായണഗുരു. യേശുക്രിസ്തുവിനെ മുപ്പത്തിമൂന്നാം വയസിൽ ക്രൂശിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു മേനക അദ്ദേഹത്തെ വീഴ്ത്തുമായിരുന്നില്ലെന്ന് എങ്ങനെ അറിയാം? 73 വയസുവരെ ജീവിച്ച ശ്രീനാരായണഗുരുവിന്റെ ബ്രഹ്മചര്യ ജീവിതം തന്നെയാണ് മഹത്തായി തോന്നുന്നത് " എന്ന ടി.കെ. മാധവന്റെ അഭിപ്രായത്തെ സാധൂകരിച്ചുകൊണ്ട് ടി.ഡി. സദാശിവൻ ഗുരുദേവന്റെ ബ്രഹ്മചര്യനിഷ്ഠയെ പരമപവിത്രമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.
അതുപോലെ ചട്ടമ്പിസ്വാമികളുടെ അനുയായികൾ യാതൊരു അടിസ്ഥാനവുമില്ലാതെ ഗുരുദേവനെ ശിഷ്യനാക്കി അവതരിപ്പിക്കുന്നതിനെയും ഗ്രന്ഥകർത്താവ് അയ്യാവു സ്വാമികളുടെ മകൻ ലോകനാഥ പണിക്കർ ശിവഗിരി മഠത്തിലേക്ക് അയച്ച കത്തിനെ ഉദ്ധരിച്ചുകൊണ്ട് ഇൗ രണ്ട് മഹാത്മാക്കളും ആത്മസഹോദരങ്ങളും ആത്മമിത്രങ്ങളുമായിരുന്നുവെന്നുള്ള നിജസ്ഥിതി യുക്തിഭദ്രതയോടെ അവതരിപ്പിക്കുന്നുണ്ട്. ഇതെഴുതുന്ന സച്ചിദാനന്ദസ്വാമി വിഷയം നന്നായി പഠിച്ച് നിരവധി ലേഖനങ്ങൾ നിരവധി പ്രസിദ്ധീകരണങ്ങളിലായി എഴുതിയിട്ടുണ്ട്. പ്രസ്തുത രചനകൾ ഗ്രന്ഥകർത്താവിന് സഹായകമായിട്ടുണ്ടെന്ന് തോന്നുന്നു. ഗുരുദേവഭക്തന്മാർ പ്രസ്തുത ഗുരുശിഷ്യവിവാദം സസൂക്ഷ്മമായി പഠിച്ചറിയേണ്ടതുണ്ടെന്ന് സാദരം ഇവിടെ കുറിക്കട്ടെ.
ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ, പുസ്തകത്തിന്റെ വില₹ 350
( ഫോൺ : 9446473542 )