aksharasena

വിതുര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അക്ഷരസേന പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയതോടെ ഒരു നാട് മുഴുവൻ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാല ആന്റ് ആർട്സ് സ്പോർട്സ് ക്ലബാണ് മഹാമാരിക്കെതിരെ മാത്യകാപരമായ പ്രവര്‍ത്തനം നടത്തിയത്.

സന്ധ്യാ ഗ്രന്ഥശാലയുടെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശങ്ങളിലും, സമീപ പ്രദേശങ്ങളിലുമാണ് നാട്ടുകാര്‍ക്ക് സഹായഹസ്തമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഒന്നാം ഘട്ട വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ പരപ്പാറ, പുളിച്ചാമല, തുരുത്തി വാ‌ർഡുകളുടെ പരിധിയിലുള്ള പുളിച്ചാമല , നാഗര, പ്ലാന്തോട്ടം, പരപ്പാറ മേഖലകളിൽ വിജയകരമായി നടപ്പിലാക്കി. നവമാദ്ധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ വിവരശേഖരണം നടത്തിയാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

രണ്ടാം ഘട്ടമായി വാക്സിന്‍ എടുത്തവരുടെ കുടുംബാംഗങ്ങളെയും വാക്സിന്‍ എടുക്കുവാന്‍ സഹായിച്ചു ബോധവൽക്കരണക്ലാസും നൽകി. അവസാന ഘട്ടത്തില്‍ അക്ഷരസേന പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്സിന്‍ എടുക്കാനുള്ള ബാക്കിയുള്ളവര്‍ക്ക് വാക്സിനേഷന്‍ നടപടി പൂര്‍ത്തീകരിച്ചു. ഗ്രന്ഥശാലാസംഘം തൊളിക്കോട് നേതൃസമിതി കൺവീനർ ആർ.കെ.രാഹുൽ, പുളിച്ചാമല ഗ്രാമീണഗ്രന്ഥശാലാ പ്രസിഡന്റ് ഭദ്രം.ജി.ശശി, അംഗങ്ങളായ പ്രവീൺ. ജെ.എസ്, അനൂപ്.എം.ആർ, അരുൺ. ആർ, മുകേഷ്. എം, നിഷ, അനന്തുചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

പടം

പുളിച്ചാമല സന്ധ്യാ ഗ്രാമീണഗ്രന്ഥശാല ആൻഡ് ആർട്സ് സ്പോർട്സ് ക്ലബിലെ അക്ഷരസേനഅംഗങ്ങൾ.