junction

ചിറയിൻകീഴ്: നൂറുക്കണക്കിന് യാത്രക്കാർ ബസ് കാത്തിരിക്കാൻ മുരുക്കുംപുഴയിൽ ഉണ്ടെങ്കിലും യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോഴും ഇവിടെ അന്യമാണ്. നാല് റോഡുകളുടെ സംഗമ സ്ഥലമായതിനാൽ നാല് ദിക്കുകളിലേക്കും പോകാനുള്ള യാത്രക്കാർ ഇവിടെ എത്തും. ചിറയിൻകീഴ് റോഡിലും മംഗലപുരം റോഡിലും കണിയാപുരം റോഡിലും ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്ക് മഴ പെയ്താൽ സമീപത്തെ കടത്തിണ്ണകളാണ് ആശ്രയം.

മംഗലപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണിത്. പോരാത്തതിന് മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തോന്നയ്ക്കൽ ആശാൻ സ്മാരകം, സായിഗ്രാമം, ടെക്നോസിറ്റി, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിൽ പോകേണ്ട യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. ചെറിയ ജംഗ്ഷനുകളിൽ പോലും വെയിറ്റിംഗ് ഷെഡ് നിർമിക്കുന്ന ഇക്കാലത്ത് ഇത്രയേറെ പ്രാധാന്യമുള്ള മുരുക്കുംപുഴയിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് യാത്രക്കാരോടുള്ള അധികൃതരുടെ അവഗണനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിനുള്ള സ്ഥല പരിമിതിയാണ് തടസമെന്ന് അധികൃതർ പറയുമ്പോഴും അനുയോജ്യമായ സ്ഥലം വേണമെങ്കിൽ കണ്ടുപിടിക്കാമെന്നാണ് മറുവാദം.

മഴ പെയ്താൽ - സമീപത്തെ കടത്തിണ്ണകൾ ആശ്രയം

ഏറെ തിരക്കുള്ള ജംഗ്ഷൻ

നാല് റോഡുകളുടെ സംഗമ സ്ഥലം

തീരദേശ മേഖലയായ മുരുക്കുംപുഴയെയും മലയോര മേഖലയായ നെടുമങ്ങാടിനെയും ബന്ധിപ്പിച്ച് കൊണ്ട് ധാരാളം കെ.എസ്.ആർ.ടി.സി സർവീസുകളും ഇവിടെ നിന്നുണ്ട്.

മരത്തണൽ ആശ്രയം

ജംഗ്ഷനിൽ നിൽക്കുന്ന വൻമരത്തണലാണ് യാത്രക്കാർക്ക് പൊരിവെയിലിൽ നിന്നുള്ള മറ്റൊരു ആശ്രയമാകുന്നത്. എന്നാൽ നിരവധി പക്ഷികൾ കൂടുകൂട്ടിയിരിക്കുന്ന ഈ മരച്ചുവടും അത്ര സുരക്ഷിതമല്ല. പക്ഷികളുടെ വിസർജ്യവും ഒടിഞ്ഞ മരച്ചില്ലകളും ഏതുനേരം വേണമെങ്കിലും ദേഹത്ത് പതിക്കാമെന്ന ആശങ്കയും യാത്രക്കാർക്കുണ്ട്.

ഇരിക്കാനിടമില്ല

മഴക്കാലമായാൽ അപ്പാടെ നനഞ്ഞ് കുതിർന്നാണ് ഇവിടത്തെ യാത്രക്കാരിൽ അധികം പേരും വാഹനത്തിൽ കയറുന്നത്. വയസായവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമാണ് ഏറെ കഷ്ടം. വാഹനങ്ങൾക്ക് വേണ്ടി കാത്തുനിന്ന് കാൽ കഴയ്ക്കുമ്പോൾ അല്പം ആശ്വാസത്തിന് വേണ്ടി ഇരിക്കാനൊരിടം ഇവിടത്തെ യാത്രക്കാർക്ക് അന്യമാണ്.

മുരുക്കുംപുഴ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് പണിയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

മുരുക്കുംപുഴ സി. രാജേന്ദ്രൻ,

ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി