തിരുവനന്തപുരം: വിരമിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് സമ്മാനിക്കാനായി കഥകളി രൂപങ്ങൾ നിർമിച്ച് ശില്പിയും കഥകളി ചുട്ടികലാകാരനുമായ കരിക്കകം ത്രിവിക്രമൻ. പൊലീസ് അസോസിയേഷന്റെ സമ്മാനമായി ഡി.ജി.പിക്ക് നൽകാൻ എസ്.പി വിജയകുമാറിന്റെ ആവശ്യപ്രകാരമാണ് കഥകളിയുടെ എല്ലാ വേഷങ്ങളും ഉൾപ്പെട്ട ഏഴ് ശില്പങ്ങൾ നിർമിച്ച് നൽകിയത്.
പച്ചയുടെ രണ്ട് വേഷങ്ങൾ, കത്തി, താടി, കരി, പഴുപ്പ്, മിനുക്ക് വേഷങ്ങളാണ് തടിയിൽ കൊത്തിയ ശില്പങ്ങളിലുള്ളത്. 20 ഇഞ്ച് ഉയരത്തിലുള്ളവയാണ് ശില്പങ്ങൾ. ഒന്നര വർഷം മുൻപ് വഴുതക്കാട്ടുള്ള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഞ്ച് അടി ഉയരമുള്ള കഥകളി ശില്പം നിർമിച്ചതും ത്രിവിക്രമനായിരുന്നു. ശില്പിയെ അന്ന് ഡി.ജി.പിയായിരുന്ന ബെഹ്റ പൊന്നാടയണിയിച്ച് ആദരിച്ചു. കരിക്കകം ചാമുണ്ഡീദേവി ക്ഷേത്രത്തിൽ ചെണ്ട അദ്ധ്യാപകൻ കൂടിയായ ഇദ്ദേഹം 20 വർഷമായി കഥകളി ശില്പങ്ങൾ നിർമിക്കുന്നുണ്ട്. കരകൗശല കോർപറേഷന്റെ സംസ്ഥാനതല അവാർഡും ലഭിച്ചിട്ടുണ്ട്.