puza

കൊയിലാണ്ടി: ഉത്തരവാദിത്വ ടൂറിസത്തിന് പ്രോത്സാഹനം നൽകുമെന്ന് അഞ്ച് വർഷം മുമ്പ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ച കണയങ്കോട് പുഴയോരവും തുരുത്തുകളും ടൂറിസ്റ്റ് ഭൂപടത്തിൽ എത്തുമോ ?. ചില സ്വകാര്യ ഏജൻസികൾ കണയങ്കോട് ഹോം ബോട്ട് സർവീസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ തദ്ദേശ ഭരണകൂടങ്ങളോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ ആവശ്യമായ പരിഗണന നൽകിയില്ല. എന്നാൽ കൊവിഡ് മഹാമാരി പ്രതിസന്ധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ സാമ്പത്തിക പാക്കേജുകൾ നടപ്പാക്കുമ്പോൾ ഉത്തരവാദിത്വ ടൂറിസത്തിന് ഉണർവേകും. വൈവിദ്ധ്യമാർന്ന കണ്ടൽ കാടുകളും തുരുത്തുകളും കൊണ്ട് സമ്പന്നമാണ് കണയങ്കോട് പുഴയും തുരുത്തുകളും. കോരപ്പുഴ മുതൽ അകലാപ്പുഴ വരെ നീണ്ടു കിടക്കുന്ന മനോഹരമായ ജലപാത ആരേയും ആകർഷിക്കും. കാപ്പാട്, പാറപ്പള്ളി, തിക്കോടി, ഇരിങ്ങൽ ഇവയ്‌ക്കൊപ്പം കണയങ്കോട്ടും ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണങ്കിൽ നാടനും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. ഇപ്പോഴത്തെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടുകാരനായതിനാൽ അദ്ദേഹത്തിന് ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വിനോദ സഞ്ചാര കേന്ദങ്ങളെ പരിചയപ്പെടുത്താനും കഴിയുമെന്ന വിശ്വാസത്തിലാണ് പുതിയ സംരംഭകർ.