para-kootangal-matunnu

കല്ലമ്പലം: മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗതാഗത തടസം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം നീക്കം ചെയ്ത് റോഡ്‌ ഗതാഗതയോഗ്യമാക്കി. കല്ലമ്പലം - പോങ്ങനാട് - കിളിമാനൂർ റോഡിലാണ് ഗതാഗതതടസം സൃഷ്ടിച്ച് പാറ ഇട്ടിരുന്നത്. മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ വണ്ടിത്തടം വാട്സ്ആപ്പ് കൂട്ടായ്മയിലെ ഇൻഷാദ് വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് നടപടി.

2016ൽ കല്ലമ്പലം - കിളിമാനൂർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന് വീതി കൂട്ടിയപ്പോൾ പൊട്ടിച്ചെടുത്ത പാറക്കൂട്ടങ്ങളാണ് ഗതാഗതം തടസപ്പെടുത്തിയത്. കരവാരം പഞ്ചായത്തിലെ വണ്ടിത്തടം ജംഗ്ഷനിലായിരുന്നു പ്രശ്നം. പരാതി കേട്ട ഉടൻ തന്നെ പൊതുമരാമത്ത് വകുപ്പിന് വിഷയം എത്രയുംവേഗം പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഉടൻതന്നെ മണ്ണുമാന്തി കൊണ്ടുവന്ന് തടസം നീക്കം ചെയ്തു.

പാറക്കൂട്ടം മൂടി കാടുപടർന്ന് പിടിക്കുകയും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാവുകയും ചെയ്തതോടെ നാട്ടുകാർ പല ഉദ്യോഗസ്ഥരെയും സമീപിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ്‌ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.