liq

തിരുവനന്തപുരം: പൊതുമേഖലാ മദ്യനിർമാണ കമ്പനിയായ ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിയതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൽ വിശദമായ ഓഡിറ്റ് നടത്തും. ബിവറേജസ് കോർപ്പറേഷനിലെ ഇന്റേണൽ ഓഡിറ്റർ സജിത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഓഡിറ്റിൽ, ഇത്തരത്തിലുള്ള തട്ടിപ്പുകൾ മുൻകാലങ്ങളിലും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

സ്പിരിറ്റ് ലോഡിറക്കി സ്റ്റോറിലേക്ക് മാറ്റുന്നതും പിന്നീട് മദ്യ ഉത്പാദനത്തിന് നിശ്ചിത അളവിൽ നൽകുന്നതും എക്സൈസിന്റെ മേൽനോട്ടത്തിലാണ്. സ്റ്റോറിന്റെ മേൽനോട്ടവും എക്സൈസിനാണ്. കമ്പനിക്കുള്ളിൽ ലോഡ് എത്തിയാൽ ചോർത്താൻ സാദ്ധ്യതയില്ലെന്നാണ് മേലധികാരികളുടെ വാദം. സ്പിരിറ്റിന് ഓർഡർ കൊടുക്കുന്നതു മുതൽ അത് ഉപയോഗിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളിൽ ഏതെങ്കിലും ഘട്ടത്തിൽ ചോർത്താൻ പഴുതുണ്ടോ എന്നതും പരിശോധിക്കേണ്ടിവരും.

ജനപ്രിയ ജവാൻ

നിർമിക്കുന്നത് ആവശ്യക്കാർ ഏറെയുള്ള ജവാൻ റം .

തിരുവല്ല പുളിക്കീഴിലെ സ്ഥാപനത്തിന്റെ പ്രതിദിന ഉല്പാദനശേഷി 8000 കെയ്സ് .

ഒരു ദിവസത്തേക്ക് ആവശ്യമായ സ്പിരിറ്റ് 9000 ലി​റ്റർ

സ്പിരിറ്റ് എത്തിക്കുന്നത് മഹാരാഷ്ട്ര, കർണാടക, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ പഞ്ചസാര മില്ലുകളിൽ നിന്ന് സ്വകാര്യ വ്യക്തികൾ.

 75 കോടി വിറ്റുവരവ്

2019-ൽ 75 കോടിയുടെ വിറ്റുവരവ്. സ്ഥാപനം ലാഭത്തിൽ. കൊവിഡ് കാലത്ത് സാനിറ്റൈസർ നിർമാണം കൂടിയതിനാൽ സ്പിരിറ്റ് ക്ഷാമം നേരിട്ടത് ഉത്പാദനത്തെ ബാധിച്ചു. രണ്ട് തവണ അടച്ചിടേണ്ടി വന്നു. സ്ഥിരം ജീവനക്കാർക്ക് പുറമേ, ബോട്ടിലിംഗ്, ലേബലിംഗ് വിഭാഗങ്ങളിൽ 90 കുടുംബശ്രീ വനിതകളും ജോലി ചെയ്യുന്നു.

വിശദമായി പരിശോധിക്കും

എങ്ങനെയാണ് ചോർത്തൽ നടന്നതെന്ന് വിശദമായി പരിശോധിക്കും. പല സംശയങ്ങളുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

യോഗേഷ് ഗുപ്ത

മാനേജിംഗ് ഡയറക്ടർ,

ട്രാവൻകൂർ ഷുഗേഴ്സ്

ആൻഡ് കെമിക്കൽസ്.