സംസ്ഥാനത്ത് ഏറ്റവുമധികം കാലം പൊലീസ് മേധാവിയായിരുന്നത് ലോക്നാഥ് ബെഹറയാണ്. രണ്ടു ഘട്ടങ്ങളിലായി അഞ്ചുവർഷത്തിലേറെ. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ആദ്യ ഉദ്യോഗസ്ഥ സംഘത്തിൽ അംഗമായിരുന്നു ബെഹ്‌റ. മുംബയ് ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ലണ്ടനിൽ പോയി ചോദ്യം ചെയ്തതടക്കം നിരവധി പൊൻതൂവലുകളുമായാണ് ബെഹ്‌റ എൻ.ഐ.എ വിട്ട് കേരളാ പൊലീസിലേക്കെത്തിയത്. തീവ്രവാദക്കേസുകൾ സംബന്ധിച്ച് രാജ്യത്ത് ഏറ്റവും പിടിപാടുള്ള ഉദ്യോഗസ്ഥൻ ബെഹ്‌റയാണ്. അങ്ങനെയൊരാളാണ് വിരമിക്കുന്നതിന്റെ രണ്ടുദിവസം മുൻപ് ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്നും ഡോക്ടർമാർ, എൻജിനിയർമാർ അടക്കം
ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളെ ഏതുവിധേനയും വശത്താക്കി കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും വിലപിക്കുന്നത്. ഇതെല്ലാം അമർച്ച ചെയ്യേണ്ട ഡി.ജി.പിയാണ്, അഞ്ചുവർഷം കഴിഞ്ഞപ്പോൾ കേരളം റിക്രൂട്ടിംഗ് താവളമായെന്ന് സമ്മതിക്കുന്നത്. തീവ്രവാദ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിലോ സംസ്ഥാനത്തോ വലിയ പദവികളാണ് ബെഹ്റയുടെ ലക്ഷ്യമെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്.
അഞ്ചുവർഷം പൊലീസിന്റെ തലപ്പത്തിരുന്നിട്ടും, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം ലഭ്യമായിരുന്നിട്ടും കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളാൻ ബെഹ്റയ്ക്ക് സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ജനം വിമർശനമുന്നയിക്കുന്നത്. കേരളത്തിൽ ഐസിസിന്റെ സ്ലീപ്പർസെല്ലുകളുണ്ടെന്നും ഹാൻഡ്‌ലറുടെ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന അപകടകാരികളായ സ്ലീപ്പർസെല്ലുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും തുറന്നുപറഞ്ഞ ഡി.ജി.പി ഇവരെ നന്നാക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ നിർവീര്യമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതെല്ലാം പറഞ്ഞശേഷം കേരളത്തിന് ആശങ്ക വേണ്ടെന്ന് ആശ്വാസവാക്ക് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.
വിദ്യാസമ്പന്നരായ കുറേപ്പേരെ ഐസിസ് കൊണ്ടുപോയി. വലിയ ലക്ഷ്യങ്ങൾ നേടുന്നതിന് ഐസിസിന് വിദ്യാസമ്പന്നരെയാണ് വേണ്ടത്. ആക്രമണങ്ങൾക്ക് നിർദ്ദേശം ലഭിക്കും വരെ സ്ലീപ്പർ സെല്ലുകളിലുള്ളവർ ഒന്നും ചെയ്യില്ല, ആർക്കും അവരെക്കുറിച്ച് ഒരു പിടിയുമുണ്ടാവില്ല. ഭീകരരെ ഇല്ലാതാക്കാൻ പൊലീസിന് ശേഷിയുണ്ട്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് ഭീകരവിരുദ്ധ സ്ക്വാഡ് സ്ലീപ്പർസെല്ലുകൾ കണ്ടെത്തും. ഐസിസ് അനുഭാവമുള്ളവരെ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകുന്നുണ്ട്. മാതാപിതാക്കളും സമൂഹത്തിലെ ഉന്നതരുമായും ചേർന്ന് ഇവരെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നു- ഇങ്ങനെയായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തലുകൾ.
ബെഹറയുടെ അതീവഗൗരവമായ വെളിപ്പെടുത്തൽ വൻ ചർച്ചകൾക്കായാണ് വഴിവച്ചത്. ഏറ്രവും പ്രധാനം അദ്ദേഹം ഇത്രകാലം പൊലീസ് മേധാവിയായിരുന്നിട്ടും ഒന്നും ചെയ്തില്ലേ എന്ന ചോദ്യമാണ്. വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള വെളിപ്പെടുത്തൽ വിവാദമായതോടെ, ബെഹറ മലക്കംമറിഞ്ഞു. ഐസിസ് ലക്ഷ്യംവയ്ക്കുന്ന സ്ഥലമാണ് കേരളമെങ്കിലും, ഇവിടം സുരക്ഷിതമാണെന്നാണ് പുതിയ വാദം. അഞ്ചുവർഷം മുൻപ് ഐസിസ് റിക്രൂട്ട്മെന്റ് കേരളത്തിൽ നടന്നെങ്കിലും പിന്നീട് അത്തരം ശ്രമങ്ങൾ നിർവീര്യമാക്കാനായി. അതേസമയം, വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തിൽ നിന്ന് ഐസിസ് റിക്റൂട്ടിംഗ് തുടരാനിടയുണ്ടെന്നും അത് നിർവീര്യമാക്കാൻ പൊലീസ് സജ്ജമാണെന്നുമായി ബെഹറയുടെ പുതിയ വാദം.
ഇതാണ് വാസ്തവം
ഐസിസ് താവളമെന്ന് പൊലീസ് മേധാവി തന്നെ പറയുമ്പോഴും സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമാണ്. സ്വകാര്യ ഹാക്കർമാരുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം. ഐ.ബി, എൻ.ഐ.എ, റാ എന്നീ കേന്ദ്ര ഏജൻസികളും ബംഗളുരൂ, ഡൽഹി പൊലീസുകളുമാണ് ശക്തമായ സൈബർ പെട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്. ഐസിസിന് മാത്രമല്ല, മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരളബന്ധമുണ്ട്. രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ എൻ.ഐ.എ സൗദിയിൽ നിന്ന് പിടികൂടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഞെട്ടി.
കൊല്ലത്തെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയതും പൊലീസ് കാര്യമാക്കിയില്ല. എറണാകുളത്ത് നിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടികൂടാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്. എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർ ഫോറൻസിക് വിഭാഗവുമുണ്ട്. ഐബിയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ' സൈബർ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർ സെല്ലുകളെ കണ്ടെത്തുന്നത്.
വിരമിച്ചപ്പോൾ വെടിപൊട്ടിച്ചു
ആഭ്യന്തര സുരക്ഷാ, ഇന്റലിജൻസ് വിഭാഗങ്ങളിൽ വേണ്ടത്ര ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാരിന് ശുപാർശ നൽകാൻ പോലും ബെഹ്റയ്ക്ക് കഴിഞ്ഞിട്ടില്ല. രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കേണ്ട ഇന്റലിജൻസിൽ ഡി.ഐ.ജി തസ്തിക രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുന്നു. ക്രൈംബ്രാഞ്ച് ഐ.ജിക്ക് ഇന്റലിജൻസിന്റെ അധികചുമതല. അഡ്‌മിനിസ്ട്രേഷൻ എസ്.പിയുമില്ല. ആഭ്യന്തരസുരക്ഷാ വിഭാഗത്തിനും എസ്.പിയില്ല. കേരളമാകെ ചുമതലയ്ക്കായി നാല് ഡിവൈ.എസ്.പിമാർ മാത്രം. അന്യസംസ്ഥാനക്കാർ തമ്പടിച്ചിട്ടുള്ള എറണാകുളത്തെ പെരുമ്പാവൂർ മേഖലകളിൽ മുൻപുണ്ടായിരുന്ന സൂക്ഷ്‌മമായ വിവരശേഖരണം ഇപ്പോഴില്ല. ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയമില്ല. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (ഐ.എസ്.ഐ.ടി) നിർജ്ജീവം. എൻ.ഐ.എയിൽ പ്രവർത്തിച്ച ഡി.ഐ.ജി അനൂപ് കുരുവിള ജോണാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) തലവൻ. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടാറില്ല. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതിന് പ്രതികാരമായി എസ്.പി ചൈത്ര തെരേസാ ജോണിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയാണ് സർക്കാർ ശിക്ഷിച്ചത്.