sarada

നല്ല മനുഷ്യൻ, മികച്ച സംവിധായകൻ, ഈ വിശേഷണമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭാധനനായ സംവിധായകന് ഏറ്റവും അനുയോജ്യം. നടീനടന്മാരോട് ദേഷ്യപ്പെടാത്ത സംവിധായകൻ. ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട് എങ്ങനെ ഇതു സാധിക്കുന്നുവെന്ന്. ഒരു പ്രാവശ്യം നേരിട്ടു ചോദിക്കുകയും ചെയ്തു. അപ്പോൾ ഒരു മന്ദസ്മിതം ആയിരുന്നു മറുപടി.

മലയാളത്തിൽ നവതരംഗ സിനിമയുടെ തുടക്കം കുറിച്ച ചിത്രമായാണ് എന്നും സ്വയംവരത്തെ വിശേഷിപ്പിക്കുന്നത്. സ്വയംവരത്തിൽ അഭിനയിച്ചത് പതിറ്റാണ്ടുകൾക്ക് മുൻപാണെങ്കിലും ആ ഒാർമകൾ മറക്കാൻ കഴിയുന്നില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വയംവരത്തിലൂടെ എന്നിലേക്ക് വന്നുചേർന്നു. അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും. മികച്ച ഇന്ത്യൻ ചിത്രമായി സ്വയംവരം തിരഞ്ഞെടുക്കപ്പെട്ടു.

നടീനടന്മാരുടെ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അവരെ അഭിനയിപ്പിക്കാൻ അദ്ദേഹത്തിന് നന്നായി അറിയാം. ഏറെ ചിട്ടയോടെ സംവിധാനമികവ് കാട്ടുക എന്ന ശൈലിയാണ് അദ്ദേഹത്തിന്റേത് . അടൂർ സിനിമയുടെ ഭാഗമായവർക്ക് അത് അറിയാം. സ്വയംവരം കഴിഞ്ഞു എലിപ്പത്തായത്തിൽ അഭിനയിച്ചു. സ്വയംവരത്തേക്കാൾ അല്പം ഇഷ്ടം കൂടുതലുണ്ട് എലിപ്പത്തായത്തിനോട്. ഉൽകൃഷ്ടമായ ചലച്ചിത്ര രചന.എക്കാലത്തയും മാതൃകയായി ഉയർത്തിക്കാട്ടുന്ന ചിത്രം. ഏറെ അഭിനയ സാദ്ധ്യത നിറഞ്ഞ കഥാപാത്രമായിരുന്നു അദ്ദേഹം സൃഷ്ടിച്ച എലിപ്പത്തായത്തിലെ രാജമ്മ. എനിക്കും തീർത്തും പരിചിതമല്ലാത്ത ജീവിതപരിസരത്തുള്ള ആളായിരുന്നു അവർ.ഞാൻ അദ്ദേഹത്തിനോട് അതേപ്പറ്റി ആരായുകയും ചെയ്തു.

എന്നാൽ അടൂർ സാർ രാജമ്മ എന്ന കഥാപാത്രത്തെ എന്നിൽ കണ്ടിരുന്നുവെന്ന് വ്യക്തം. ആ രണ്ട് സിനിമകളിലൂടെ അഭിനയത്തിന്റെ പുത്തൻ തലങ്ങൾ കാഴ്ചവയ്ക്കാൻ എനിക്ക് കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.