കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡിലെ മെമ്പർ ദിവ്യാഗണേഷിനെയും ഭർത്താവിനെയും കൊവിഡ് വോളന്റിയർ അജയകുമാറിനെയും മർദ്ദിച്ചതായും ആക്ഷേപിച്ചതായും പരാതി. കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശികളായ രണ്ടുപേർ അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡിലെ ബന്ധുവീട്ടിൽ തങ്ങുന്നതായി ആശാ വർക്കർ വിവരം അറിയിച്ചതിനെ തുടർന്ന് ഹെൽത്ത്‌ സൂപ്പർവൈസറുടെ നിർദ്ദേശപ്രകാരം ആ വീട്ടിൽ താമസിക്കുന്ന മറ്റുളളവർ മാറി താമസിക്കണമെന്ന് അറിയിക്കാനായാണ് വാർഡ് മെമ്പറും കൊവിഡ് വോളിന്റിയർമാരും എത്തിയത്. എന്നാൽ വീട്ടുകാർ മാറി താമസിക്കാൻ തയാറായില്ല. മാത്രമല്ല വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അജയകുമാറിനെയും ഗണേഷിനെയും മർദ്ദിക്കുകയും ചെയ്തു. തടയാൻ ചെന്ന വാർഡ് മെമ്പർ ദിവ്യാഗണേഷിനെയും മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മെമ്പർ വർക്കല ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ അടുത്ത ദിവസം രാത്രി പ്രതികൾ വീണ്ടും മെമ്പറുടെ വീട്ടിലെത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും തന്റെ കുടുംബത്തിന് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും മെമ്പർ ഡിവൈ.എസ്.പിക്ക്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.