photo

നെടുമങ്ങാട്: റവന്യു ഡിവിഷൻ അടിസ്ഥാനമാക്കി നെടുമങ്ങാടിന് ജില്ലാ പദവി അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സബ് കളക്ടർ നേതൃത്വം നൽകുന്ന റവന്യൂ ഡിവിഷൻ നെടുമങ്ങാട് പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷം പിന്നിടുമ്പോഴാണ് ജില്ലാ ആസ്ഥാനത്തിന് വേണ്ടി മുറവിളി ഉയരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി സമാഹരിക്കുന്ന റവന്യു ഡിവിഷൻ എന്ന നിലയിൽ നെടുമങ്ങാടിന്റെ സാദ്ധ്യത റവന്യു വകുപ്പ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുത്തിയാണ് റവന്യൂ ഡിവിഷൻ ആരംഭിച്ചതെങ്കിലും നെയ്യാറ്റിൻകരയെ പിന്നീട് തിരുവനന്തപുരം ഡിവിഷനിൽ നിലനിറുത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ചിറയിൻകീഴ് താലൂക്കിനെ നെടുമങ്ങാട് ഡിവിഷന്റെ ഭാഗമാക്കി പുതിയ മലയോര ജില്ല പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും മുന്നിലാണ് മലയോര താലൂക്കുകൾ. 20 ലക്ഷത്തിലേറെ പേർ ഡിവിഷൻ പരിധിയിൽ അധിവസിക്കുന്നുണ്ട്. പൊതുഖജനാവ്‌ നിറയ്ക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഐ.ഐ.എസ്.ടി, ഐ.എസ്.ആർ.ഒ, ജെ.എൻ.ടി.ബി.ജി.ആർ.ഐ തുടങ്ങി തന്ത്ര പ്രധാന സ്ഥാപനങ്ങൾ റൂറൽ ഡിവിഷനിൽ ഉണ്ടെങ്കിലും അവയുടെ പുരോഗതിക്കു വേണ്ടുന്ന നടപടികളൊന്നും നടപ്പിലാവുന്നില്ല. ശബരി റയിൽപ്പാത, അംബാസമുദ്രം ഹൈവേ, ശിവഗിരി- പൊന്മുടി ടൂറിസം പാക്കേജ് തുടങ്ങി എണ്ണമറ്റ വമ്പൻ വികസന പദ്ധതികളാണ് നൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്നത്. ഇലക്ഷൻ, ഭൂപരിഷ്കരണം, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ എന്നീ പൊതു വിഷയങ്ങളിലും ചുവപ്പുനാട അഴിക്കാൻ കഴിയുന്നില്ല.

 ചിറയിൻകീഴ് താലൂക്കിനെ നെടുമങ്ങാട് ഡിവിഷന്റെ ഭാഗമാക്കി പുതിയ മലയോര ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യം

തമിഴ്‌നാടിന്റെയും കൊല്ലം ജില്ലയുടെയും അതിർത്തി പങ്കിടുന്ന താലൂക്കുകളിൽ ഭരണസംവിധാനം കാര്യക്ഷമമല്ലെന്ന് പരാതി

 കാർഷിക വൃത്തിക്കും വിനോദ സഞ്ചാരത്തിനുമുള്ള അനന്തസാദ്ധ്യത പ്രയോജനപ്പെടുത്താനായിട്ടില്ല.

*ഹൈറേഞ്ച് ജില്ലയുടെ അനിവാര്യത

ജില്ലാ ഭരണകൂടത്തിനു കീഴിൽ 2 റവന്യൂ ഡിവിഷനുകളാണ് നിലവിലുള്ളത്. തലസ്ഥാന നഗരത്തിൽ കുടപ്പനക്കുന്നിലും റൂറൽ മേഖലയിൽ നെടുമങ്ങാടും. ആറ് താലൂക്കുകളിൽ തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ തിരുവനന്തപുരം ഡിവിഷനിലും നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ നെടുമങ്ങാട് ഡിവിഷനിലുമാണ്. വ്യവസായം, ആസൂത്രണം, തൊഴിൽ വകുപ്പുകളുടെയും ജില്ലാ റൂറൽ പൊലീസ് മേധാവിയുടെയും അടക്കം സുപ്രധാന ഭരണനിർവഹണ കാര്യാലയങ്ങൾ നെടുമങ്ങാട് ഡിവിഷന് കീഴിലുണ്ട്. നാല് പൊലീസ് സബ് ഡിവിഷനുകളും നെടുമങ്ങാട് റവന്യു ഡിവിഷന്റെ കീഴിലാണ്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കൽ പുതിയ ജില്ലയുടെ രൂപീകരണ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

*തിരുവിതാംകൂറിന്റെ സിരാകേന്ദ്രം

അഗസ്‌ത്യമലയെയും കടലോരത്തെയും പകുത്തുനിറുത്തുന്ന ഇടനാടാണ്‌‌ നെടുമങ്ങാട്‌. മലഞ്ചരക്ക്‌ വ്യാപാരത്തിന്റെയും നാണ്യവിളകളുടെയും ഈറ്റില്ലം. 1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണി നിർമ്മിച്ച കോയിക്കൽ കൊട്ടാരം ചരിത്രശേഷിപ്പായി ഇപ്പോഴും നിലനിൽപ്പുണ്ട്. ശ്രീനാരായണ ഗുരുദേവ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ നാണുമല ഇവിടെയാണ്. ചന്തസമരവും കൊയ്ത്തു സമരവും ഉൾപ്പെടെ ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളും ഈ മണ്ണിന്റെ ചരിത്രം. 'നെടുവൻ’ കാടുകളുടെ ധാരാളിത്തമാണ് നെടുമങ്ങാട് എന്ന സ്ഥലനാമത്തിന് ആധാരം.