qq

ബാലരാമപുരം: കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കൈത്തറിത്തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്. തറിയൊച്ചകൾ നിലയ്ക്കുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം വൈകുന്നതും തൊഴിലാളികളെ നിത്യപട്ടിണിയിലേക്ക് നയിക്കുകയാണ്. സംസ്ഥാനത്ത് നെയ്ത്ത് മേഖലയിൽ പതിനായിരത്തിൽപ്പരം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പാവുണക്ക്,​ പാവുചുറ്റ് തൊഴിലാളികളും പരമ്പരാഗത തൊഴിൽ വിട്ട് മറ്റ് തൊഴിൽ തേടിപ്പോവുകയാണ്. നെയ്ത്ത് നൂലിന്റെ ക്ഷാമവും മറ്റൊരു വെല്ലുവിളിയാണ്. പരമ്പരാഗത ഉത്പന്നങ്ങൾ നെയ്ത് ഹാൻടെക്സിന് നൽകിയ വകയിൽ രണ്ടര വർഷമായി 30 കോടി രൂപയുടെ നൂലും കൂലിയും സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങൾക്ക് കിട്ടാനുണ്ട്. സംഘങ്ങളെ നിയന്ത്രിക്കുന്ന ഹാൻടെക്സിന്റെ പ്രവർത്തനവും മന്ദീഭവിച്ചിരിക്കുകയാണ്. 2020,​ 2021 വർഷത്തിലെ ജനറ‍ൽ ബോഡി യോഗങ്ങൾ ചേരാത്തത് മൂലം പോയ വർഷത്തെ ബഡ്ജറ്റും തയ്യാറാക്കിയിട്ടില്ല. ഓഡിറ്റ് തയ്യാറാക്കി റിപ്പോർട്ട് അവതരിപ്പിക്കുന്നതിലും കെടുകാര്യസ്ഥത തുടരുകയാണ്. നെയ്ത്ത് സംഘങ്ങൾ വഴി സംഭരിക്കുന്ന 5400 തറികളിലെ തുണിത്തരങ്ങൾ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർ വെരിഫൈ ചെയ്താൽ പിന്നെ ഹാൻടെക്സ് ആണ് സംഭരിച്ച് പ്രോസ്സസിംഗിന് അയയ്ക്കേണ്ടത്. കഴിഞ്ഞ ഒന്നര വർഷമായി ഹാൻടെക്സ് സംഭരിക്കാതെ പന്ത്രണ്ടര ലക്ഷം മീറ്റർ തുണികൾ കെട്ടിക്കിടക്കുകയാണ്.

 സ‌ർക്കാരന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയും രണ്ട് വർഷമായി അവതാളത്തിൽ

 നെയ്ത്തിനത്തിൽ ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസത്തെ കുടിശിഖ ഇനിയും കിട്ടാനുണ്ട്

 ഇനി കിട്ടാനുള്ള തുക......... 13 കോടി

തിരുവനന്തപുരം.......6 കോടി

കണ്ണൂർ.......... 3 കോടി

മറ്റ് ജില്ലകളിലേക്ക്... 4 കോടി

 വാക്സിൻ നൽകണം

ആരോഗ്യം ക്ഷയിച്ച് നെയ്ത്ത് മേഖലയിൽ പണിയെടുക്കുന്ന പതിനായിരത്തോളം തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ സർക്കാർ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നെയ്ത്ത് സംഘടനകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നടപടി വൈകുകയാണ്. തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന നെയ്ത്ത് മേഖലയിലെ തൊഴിലാളികൾക്ക് പ്രൈവറ്റ് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പോയി ആയിരക്കണക്കിന് രൂപ നൽകി വാക്സിൻ എടുക്കുന്നത് അപ്രാപ്യമാണ്.



പ്രതിസന്ധിയിലായ കൈത്തറിമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണം. അടിയന്തരമായി തുണികൾ സംഭരിക്കുന്നതിലും കൂലിയും നൂലും നൽകുന്നതിലും കാലതാമസം നേരിടുകയാണ്. സർക്കാരും വ്യവസായ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര തീരുമാനം കൈക്കൊള്ളണം.

പെരിങ്ങമല വിജയൻ,​ ഹാൻടെക്സ് മുൻ പ്രസിഡന്റ്

നിവേദനം നൽകും

സംഘങ്ങൾ വഴിയുള്ള തുണി സംഭരണം വേഗത്തിലാക്കാനും കൂലി നൽകുന്നതിനും നൂൽക്ഷാമം പരിഹരിക്കുന്നതിലും എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകുമെന്ന് ഹാൻഡ്‌ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികളായ സംസ്ഥാന സഹകരണ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള,​ പ്രസിഡന്റ് എം.എ. കരീം,​ പട്ട്യക്കാല രഘു,​ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വട്ടവിള വിജയകുമാർ,​ സെക്രട്ടറി ജിബിൻ എന്നിവർ അറിയിച്ചു.