siby

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തന്റെ ഭാഗം കൂടി കേട്ടശേഷമേ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിക്കാവൂ എന്ന് കാട്ടി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ സിബിമാത്യൂസിനെ ജാമ്യത്തിൽ വിടണമെന്ന ഇടക്കാല ഉത്തരവ് കോടതി നൽകിയിരുന്നു. അതിന്റെ തുടർച്ചയായി മുൻകൂർ ജാമ്യം തേടി സിബിമാത്യൂസ് നൽകിയ ഹർജിയെ എതിർത്തുകൊണ്ടാണ് നമ്പി നാരായണന്റെ ഹർജി. ഹർജി 7ന് പരിഗണിക്കും.

ചാരക്കേസിന്റെ ബുദ്ധികേന്ദ്രമായ സിബി മാത്യൂസിന് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് നമ്പി നാരായണൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇടക്കാല ജാമ്യ ഹർജി കോടതി പരിഗണിച്ചപ്പോൾ സി.ബി.ഐയുടെ ഭാഗത്തുനിന്ന് കാര്യമായ എതിർപ്പില്ലാതിരുന്നതിനാലാണ് നമ്പി നാരായണൻ നേരിട്ട് കോടതിയെ സമീപിച്ചത്.

മുൻപൊലീസ് ഉദ്യോഗസ്ഥനായ സിബി മാത്യൂവിന് പൊലീസിലുള്ള സ്വാധീനം കൂടി പരിഗണിക്കണം. യാതൊരു തെളിവുമില്ലാതെയാണ് സിബി മാത്യൂസ് അടക്കമുളള അഞ്ച് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ പീഡിപ്പിച്ചത്.

നമ്പി നാരായണൻ ജയിൻ കമ്മിഷൻ മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി സി.ബി ഐയെ ചുമതലപ്പെടുത്തിയത്. കമ്മിഷന്റെ മുന്നിൽ നമ്പിനാരായണൻ പറഞ്ഞ 18 ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ പ്രതികളാക്കിയത്.