കാസർകോട്: കാസർകോട്ടെ ഭെൽ ഇ.എം.എൽ. കമ്പനിയുടെ മുഴുവൻ ഓഹരിയും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ സ്ഥാപനമാക്കാനുള്ള നടപടി പുരോഗമിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡിന്റെ കൈവശമുള്ള 51 ശതമാനം ഓഹരി ഏറ്റെടുത്ത് അന്തിമ കരാർ ഒപ്പിടുന്നതിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സർക്കാർ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന മുറയ്ക്ക് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായി കെൽ മാനേജിംഗ് ഡയറക്ടർ ഷാജി എം. വർഗീസ്, കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ എന്നിവരെയും നോമിനേറ്റ് ചെയ്തതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇടത് മുന്നണി സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയിൽ കമ്പനിയുടെ നവീകരണവും പുനർ പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിദഗ്ദ്ധ റിപ്പോർട്ട് സർക്കാരിന്റെ നിർദേശപ്രകാരം റിയാബ് ഉദ്യോഗസ്ഥർ കാസർകോട് യൂണിറ്റ് സന്ദർശിച്ചു സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഉത്പാദിപ്പിക്കുന്ന ആൾട്രനേറ്ററുകളുടെ നൂതനപതിപ്പും ഇലക്ടിക് വാഹന നിർമാണത്തിന്റെ പദ്ധതിയും ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിനായി ഹെവി ഇലക്ട്രിക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും സർക്കാർ ആലോചനയിലുണ്ട്. കമ്പനി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ അഭ്യസ്തവിദ്യരായ നിരവധി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കാസർകോടിന്റെ വ്യാവസായിക മേഖലയിൽ വൻ കുതിപ്പാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ശമ്പള കുടിശ്ശിക അടക്കം വിതരണം ചെയ്ത് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇ.എം.എൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ് പി. കരുണാകരൻ വ്യവസായമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. കമ്പനി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തിയ സർക്കാരിനെ സംയുക്ത സമരസമിതി നേരത്തെ അഭിനന്ദിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പേരിൽ 15 മാസമായി പൂട്ടിക്കിടക്കുന്ന കമ്പനി കഴിഞ്ഞ മാസം തുറന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. 180 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഭെൽ ഇ.എം.എൽ കമ്പനിയിൽ 31 മാസത്തെ ശമ്പള കുടിശിക നിലവിലുണ്ട്. ജീവനക്കാരുടെ ശമ്പള കുടിശിക നൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഭെൽ ഇ.എം.എൽ കമ്പനി ഇതുവരെ കൊടുക്കാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് കമ്പനി സംസ്ഥാന സർക്കാരിന് കൈമാറുന്നതിന് കേന്ദ്രം തയ്യാറായത്. കുടിശിക നൽകുന്നതോടൊപ്പം കമ്പനി തുറന്ന് പ്രവർത്തിക്കുന്നതിനും സർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തേണ്ടിവരും.