vell

തിരുവനന്തപുരം: സംഘടിതരായി നിൽക്കുന്ന മതന്യൂന പക്ഷങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നേറുമ്പോൾ അസംഘടിതരായ ഈഴവസമൂഹം എല്ലാ രീതിയിലും പിന്നാക്കം പോവുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ ഓൺലൈൻ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കാൻ യൂണിയനുകളും ശാഖകളും പോഷക സംഘടനകളും ബോധവത്‌കരണം നടത്തണം. യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. അരിയും കിറ്റും പണവും മാത്രമല്ല, പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോണുകളും നൽകി. ദാരിദ്യ്രവും ദുരിതവും അനുഭവിക്കുന്നവരെ കൈപിടിച്ച് ഉയർത്താനുള്ള യോഗത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് മാദ്ധ്യമങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ല. പ്രശസ്തിക്ക് വേണ്ടിയല്ല, ജനനന്മയ്‌ക്ക് വേണ്ടിയാണ് യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് സ്വാഗതവും ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. യോഗത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ യൂണിയനുകളിലെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.