തിരുവനന്തപുരം: ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഉത്തരേന്ത്യൻ സ്വദേശികളായ ഏജീസ് ഓഫീസ് ജീവനക്കാരെ നഗരമദ്ധ്യത്തിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതികൾ അടക്കം നാലുപേർ അറസ്റ്റിൽ. പാറ്റൂർ വി.വി റോഡ് പണ്ടാരവിളാകത്ത് വീട്ടിൽ രാകേഷ് (കൊച്ചുരാകേഷ്, 28), കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ പ്രവീൺ (കായി പ്രവീൺ, 25), നെടുമങ്ങാട് പഴകുറ്റി കൊടിപുരം ശ്രീവൽസം വീട്ടിൽ അഭിജിത് നായർ (ഉണ്ണി,25), പട്ടം തേക്കുമ്മൂട് ടി.പി.ജെ നഗർ മേലേക്കുന്നിൽ ഷിജു (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. രാകേഷിനും പ്രവീണിനുമാണ് സംഭവത്തിൽ നേരിട്ട് ബന്ധമുള്ളതെന്നും മറ്റു രണ്ടുപേർ ഇവരെ ഒളിവിൽ പോകാൻ സഹായിച്ചവരാണെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാകേഷിനെയും ഷിജുവിനെയും കൊട്ടിയത്തുനിന്നും പ്രവീണിനെ മൺവിളയിലും അഭിജിത്തിനെ നെടുമങ്ങാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വഞ്ചിയൂർ, മെഡിക്കൽ കോളേജ്, പേട്ട, നെടുമങ്ങാട്, നെയ്യാറ്റിൻകര തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.45ഓടെ പേട്ട അമ്പലത്തുംമുക്ക് വി.വി റോഡിൽ റെയിൻബോ ഫ്‌ലാറ്റിന് സമീപമാണ് സംഭവമുണ്ടായത്. ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റാ എൻട്രി ഓപ്പറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ജഗത് സിംഗ് എന്നിവർ കുടുംബസമേതം നടന്നുപോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ പ്രവീണും രാകേഷും ഇവരുടെ ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് ഇരുവർക്കും വെട്ടേറ്റത്. പ്രതികളെ പിടികൂടാൻ വിവിധ സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒടുവിൽ മൂന്നുദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രവീണാണ് സ്കൂട്ടർ ഓടിച്ചിരുന്നത് പിന്നിലിരുന്ന രാകേഷാണ് ആദ്യം സ്ത്രീകളെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് ചോദ്യംചെയ്ത ഭർത്താക്കന്മാരെയും രാകേഷും പ്രവീണും ചേർന്ന് ആക്രമിച്ചു. സംഭവത്തിന് ശേഷം ഇരുവരെയും ഷിബുവാണ് തിരുവല്ലത്ത് എത്തിച്ചത്. അവിടെനിന്ന് അഭിജിത്തിന്റെ സഹായത്തോടെ പ്രതികൾ കൊല്ലത്തേക്ക് പോയെന്നും കമ്മിഷണർ അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. രാകേഷ് നേരത്തെയും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ്. ഇയാൾക്കെതിരേ ഒട്ടേറെ കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മോഷണക്കേസിൽ പിടിയിലായി രണ്ടുവർഷത്തെ ശിക്ഷ അനുഭവിച്ചശേഷം 2019 ഫെബ്രുവരിയിലാണ് രാകേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
30 ദിവസത്തിനകം കുറ്റപത്രം, ഇതൊരുമുന്നറിയിപ്പ്
30 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കമ്മിഷണർ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച് വിചാരണ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ശ്രമം. സ്ത്രീകൾക്കെതിരേ നാട്ടിൽ ഒരു ഭീകരാന്തരീക്ഷം ഉണ്ടാക്കാൻ അനുവദിക്കില്ല. അത്തരക്കാർക്ക് ഇതൊരു മുന്നറിയിപ്പാണ്. നാലുപേരെ പിടികൂടിയത് കേസിന്റെ ആദ്യഘട്ടമാണെന്നും ഇവരെ സഹായിച്ചവരെ അടക്കം എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കുകയെന്ന സർക്കാർ നിലപാടിന് അനുസരിച്ചാണ് പൊലീസിന്റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.