കിളിമാനൂർ: അടയമൺകാർക്ക് ഷീജ ഡോക്ടർ, ഡോക്ടർ മാത്രമല്ല, മകളും, സഹോദരിയും, അദ്ധ്യാപികയുമൊക്കെയാണ്. അഞ്ചു വർഷത്തിലേറെയായി അടയമൺ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ.ഷീജ തൊളിക്കുഴി, അടയമൺ, വയ്യാറ്റിൻകര തുടങ്ങി പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പകുതിയിലധികം വാർഡുകളിലെ സാധാരണക്കാരും കൂലിപ്പണിക്കാരും കർഷകരുമായ നിരവധി രോഗികൾക്ക് കാണപ്പെട്ട ദൈവമാണ്. ഡോക്ടറുടെ രോഗികളോടുള്ള മാന്യമായ പെരുമാറ്റവും വിദഗ്ധമായ ചികിത്സയുമാണ് ഈ ആശുപത്രിയിലെ ദിവസേനയുള്ള തിരക്കിന് കാരണം. കൊവിഡ് തിരക്കിലും വാക്സിൻ വിതരണത്തിനിടയിലും രോഗികളെ ചികിത്സിക്കാനും അനാവശ്യ ലീവെടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുള്ള ഡോ.ഷീജ നാട്ടിലെ സന്നദ്ധ സംഘടനകളുമായും പൊതുജനങ്ങളുമായും സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് തൊളിക്കുഴി വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വച്ച് ഡോക്ടർക്ക് ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം.തമീമുദീൻ സ്നേഹോപഹാരം നൽകി. ഗ്രൂപ്പ് പ്രസിഡന്റ് എ.എം.ഇർഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ഭാരവാഹികളായ എ.അനസ്, ടി.താഹ, എസ്.നസീം, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.