arshadh

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മൃഗപരിപാലകൻ കാട്ടാക്കട കുട്ടപ്പൂ അമ്പൂരി പ്ലാവിള വീട്ടിൽ എ.ഹർഷാദ് (45) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു ദാരുണ സംഭവം. കഴിഞ്ഞ മാർച്ചിൽ മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽ നിന്നെത്തിച്ച മൂന്ന് രാജവെമ്പാലകളിൽ ഒന്നാണ് ഹർഷാദിനെ കടിച്ചത്.

രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെ വലതു കൈയിലാണ് കടിയേറ്റത്. പാമ്പ് പുറത്തിറങ്ങാതിരിക്കാൻ ഹർഷാദ് ഉടൻ കൂട് അടച്ചു. ഇതിനിടെ കുഴഞ്ഞുവീണു. ബോധരഹിതനാകും മുൻപ് കൂടിന്റെ വാതിലിൽ ശക്തിയായി അടിച്ച് ശബ്ദമുണ്ടാക്കി. ഇത് കേട്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ഓടിയെത്തി പരിശോധിച്ചപ്പോൾ സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു ഹർഷാദ്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊവിഡ് പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാരേ മൃഗശാലയിലുള്ളൂ. അതിനാൽ ഒറ്റയ്ക്കാണ് ഹർഷാദ് പാമ്പിൻകൂട് വൃത്തിയാക്കാൻ പോയത്. മ്യൂസിയം പ്രേട്ടോക്കോൾ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ പോകാൻ പാടില്ല. കുറഞ്ഞത് രണ്ടുപേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുകയോ കൂട് വൃത്തിയാക്കുകയോ ചെയ്യുമ്പോൾ രണ്ടാമത്തെയാൾ പരിസരം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം.

നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതിൽ ഹർഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരൻ. 20 വർഷമായി മൃഗശാലയിലെ അനിമൽ കീപ്പറാണ്. താത്കാലിക ജീവനക്കാരനായി എത്തിയ ഹർഷാദിനെ 2018ൽ സ്ഥിരപ്പെടുത്തി. ജോലി സ്ഥിരപ്പെടുത്തിക്കിട്ടാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാമ്പിൻകൂട്ടിൽ കയറി പ്രതിഷേധിച്ചിരുന്നു. നേരത്തെ മുതലയുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റും ഇയാൾ ചികിത്സയിലായിട്ടുണ്ട്.

ഭാര്യ: ഷീജ. മകൻ : അബിൻ ഹർഷാദ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ഒരു ജീവനക്കാരെ ഇടിച്ചു കൊന്നിരുന്നു. കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റ് ഒരാൾ മരിക്കുന്നത് തന്റെ അറിവിൽ ആദ്യമാണെന്ന് വാവ സുരേഷ് പറഞ്ഞു.

എല്ലാ സഹായവും നൽകും: മന്ത്രി

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഇന്നലെ ഹർഷാദിന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായവും അടിയന്തരമായി നൽകുമെന്ന് ഉറപ്പു നൽകി.