സമയം രാത്രി പതിനൊന്ന് മണി... ഡൽഹി അശോക റോഡ് വളരെ ശാന്തമായിരുന്നു. പകൽ സമയത്തെ തിരക്കുകളെല്ലാം ഒഴിഞ്ഞ് വിജനമായിരുന്നു അവിടം. വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും തിരക്കില്ല. ആളും അനക്കവുമില്ലാതെ കിടന്ന അവിടെ ഒരു റെസ്‌റ്റോറന്റിന്റെ സമീപത്ത് നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. നൈന സാഹ്‌നി എന്ന 29കാരിയുടെ മൃതദേഹം റെസ്റ്റോറന്റിലെ തന്തൂരി അടുപ്പിൽ കത്തിയമരുകയായിരുന്നു. പിറ്റേ ദിവസം രാജ്യ തലസ്ഥാനം ഉണർന്നത് ഞെട്ടിയ്ക്കുന്ന ആ വാർത്ത കേട്ടാണ്. 1995 ജൂലായ് 2ന് സംഭവിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളിലൊന്നായി മാറിയ ആ കേസിന്റെ പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കാം; തന്തൂരിക്കേസ്.!
കൊലപാതകി
നൈന സാഹ‌്‌നിയുടെ മരണം ഡൽഹി രാഷ്ട്രീയത്തെ ആകെ പിടിച്ചുകുലുക്കി. കാരണം, നൈനയുടെ കൊലയ്ക്ക് പിന്നിൽ പൊലീസ് തിരഞ്ഞത് ഭർത്താവും ഡൽഹിയിലെ മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സുശീൽ ശർമയേയാണ്. കൊലപാതകത്തിന് പിന്നാലെ സുശീലിനെ തേടി പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു. ഒമ്പത് ദിവസങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്നാണ് സുശീലിനെ പിടികൂടിയത്. തലമുണ്ഡനം ചെയ്ത നിലയിലായിരുന്നു സുശീലിനെ കണ്ടെത്തിയത്.
ഒരു തീർത്ഥാടനത്തിന്റെ ഭാഗമായി താൻ ഡൽഹിവിട്ടതാണെന്നും കൊലപാതകം നടന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു സുശീൽ പൊലീസിനോട് പറഞ്ഞത്. കൊലപാതകം തനിക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും തന്റെ രാഷ്ട്രീയ എതിരാളികളാണ് അതിന് പിന്നിലെന്നും സുശീൽ ആരോപിച്ചു. ഒടുവിൽ മറ്റൊരാളുമായി നൈനയ്ക്കുണ്ടായിരുന്ന അടുപ്പത്തിന്റെ പേരിൽ താൻ തന്നെയാണ് കൊല നടത്തിയതെന്ന് സുശീൽ സമ്മതിക്കുകയായിരുന്നു.
ചോദ്യങ്ങൾ നിരവധി
തുടക്കത്തിൽ നിരവധി ചോദ്യങ്ങളായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്നത്. സുശീൽ ഒറ്റയ്ക്കായിരുന്നോ നൈനയുടെ കൊലയ്ക്ക് പിന്നിൽ ? അതോ, സുശീലിനെ രാഷ്ട്രീയ എതിരാളികൾ കുടുക്കിയതാണോ ? ചോദ്യങ്ങൾ നിരനിരയായി ഉയർന്നു വന്നു. നൈനയുടെയും സുശീലിന്റെയും ബന്ധത്തിൽ വിള്ളലുകളുണ്ടായിരുന്നതായി ആദ്യം തന്നെ കണ്ടെത്തിയിരുന്നു.
നൈനയുടെ അടുത്ത സുഹൃത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മത്‌ലൂബ് കരീം. ഇരുവരും സഹപാഠികളുമായിരുന്നു. സുശീലുമായുള്ള വിവാഹ ശേഷവും നൈനയും മത്‌ലൂബും സൗഹൃദം തുടർന്നിരുന്നു. എന്നാലിത് സുശീലിന് ഇഷ്ടമല്ലായിരുന്നു. ഇതിന്റെ പേരിൽ പലപ്പേഴും ഇരുവരും വാക്കുതർക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇരുവരുടെയും അടുപ്പമാണ് സുശീലിനെ കൊലയിലേക്ക് നയിച്ചത്.
തന്തൂരി അടുപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം നൈനയുടേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് മത്‌ലൂബ് ആയിരുന്നു. മുടിയും മൂക്കും കണ്ടാണ് മൃതദേഹം നൈനയുടേതാണെന്ന് മത്‌ലൂബ് തിരിച്ചറിഞ്ഞത്. പിന്നീട് ഡി.എൻ.എ ടെസ്റ്റ് നടത്തി ഉറപ്പിച്ചു. കത്തിക്കുന്നതിന് മുന്നേ നൈനയുടെ ശരീരത്തിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നുപോയിരുന്നതായി പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മൃതദേഹം രണ്ടാമതും പോസ്റ്റമോർട്ടം നടത്തി. നൈനയ്ക്ക് രണ്ട് തവണ വെടിയേറ്റിരുന്നതായും കണ്ടെത്തി. തലയിലും കഴുത്തിലുമായിരുന്നു വെടിയേറ്റത്.
വഴിത്തിരിവായത്
കേസിൽ വഴിത്തിരിവായത് ഡൽഹി പൊലീസിലെ മലയാളിയായ ഉദ്യോഗസ്ഥൻ നസീർകുഞ്ഞാണ്. അശോക് യാത്രി നിവാസ് ഹോട്ടലിന് സമീപമുള്ള ബാഗിയ റെസ്റ്റോറന്റിൽ നിന്ന് തീയും പുകയും ഉയരുന്നത് രാത്രി പട്രോളിംഗിന് ആ വഴിയെത്തിയ നസീർ കണ്ടു. ഉടൻ തന്നെ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനും അവിടേക്കെത്തിയപ്പോൾ കണ്ടത് സുശീലിനെയാണ്. പഴയ ഇലക്ഷൻ പോസ്റ്ററുകൾ കത്തിക്കുകയാണെന്ന് പറഞ്ഞ് സുശീൽ അവരെ തടയാൻ ശ്രമിച്ചു.
ആദ്യം സംശയം തോന്നിയെങ്കിലും വീണ്ടും പരിശോധിക്കാൻ തീരുമാനിച്ച നസീർ പിന്നിലെ മതിൽ ചാടിക്കടന്ന് നോക്കിയപ്പോൾ കണ്ടത് തന്തൂരി അടുപ്പിൽ എന്തോ ആളിക്കത്തുന്നതാണ്. ഉടൻ കൺട്രോൾ റൂമിനെ വിവരമറിയിച്ചു. അടുപ്പിന് സമീപത്തുണ്ടായിരുന്ന ബാഗിയ റെസ്റ്റോറന്റ് മാനേജർ കേശവ് കുമാറിനെ പിടികൂടി. സുശീൽ ഇതിനിടെ രക്ഷപ്പെട്ടിരുന്നു. അടുപ്പിൽ കത്തുന്നത് എന്താണെന്ന് പരിശോധിച്ചപ്പോൾ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളാണെന്ന് നസീർ തിരിച്ചറിഞ്ഞു.
കൊടുംക്രൂരത
ജൂലായ് 2 രാത്രി 10.15 ഓടെ തന്റെ വെള്ള മാരുതിക്കാറിലാണ് സുശീൽ തന്റെ ഉടമസ്ഥതയിലുള്ള ബാഗിയ റെസ്റ്റോറന്റിലെത്തിയത്. റെസ്റ്റോറന്റ് ഉടൻ അടയ്ക്കണമെന്നും ജോലിക്കാരെയും കസ്റ്റമേഴ്സിനേയും ഉടൻ പറഞ്ഞയക്കാനും സുശീൽ മാനേജർ കേശവിന് നിർദ്ദേശം നൽകി. കാറിന്റെ പിൻസീറ്റിൽ ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു നൈനയുടെ മൃതദേഹം. മൃതദേഹത്തിന്റെ കൈയ്യും കാലും വെട്ടി മുറിച്ചിരുന്നു. മൃതദേഹം കേശവിന്റെ സഹായത്താൽ സുശീൽ തന്തൂരി അടുപ്പിലിട്ടു. മൃതദേഹത്തിലേക്ക് നെയ്യും വെണ്ണയും ഒഴിച്ച് കത്തിച്ചു. അത് പോരാതെ വന്നതോടെ പേപ്പറും തീ ആളിക്കത്താൻ ഉപയോഗിച്ചു.
ഭിന്നതകളിലൂടെ
1984ലായിരുന്നു നൈനയെ സുശീൽ പരിചയപ്പെട്ടത്. സുശീലിനെ പോലെ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന നൈന 1989ൽ ഡൽഹി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, സുശീൽ തന്റെ വിവാഹം രഹസ്യമാക്കി കൊണ്ടുനടന്നു. നൈനയുടെ അഭിപ്രായങ്ങളൊന്നും ചെവിക്കൊണ്ടില്ല. എന്തും വെട്ടിത്തുറന്ന് പറയുന്ന നൈന സുശീലിന്റെ നീക്കങ്ങളിൽ അതൃപ്തയായിരുന്നു. സുശീലിന്റെ മാതാപിതാക്കൾക്ക് നൈനയുമായുള്ള ബന്ധം ഇഷ്ടമല്ലായിരുന്നു. സുശീലുമായുണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മ നൈന സുഹൃത്ത് മത്‌ലൂബിനെ അറിയിച്ചിരുന്നു.
1995 ജൂലായ് 2, സംഭവിച്ചത്
ഡൽഹി ഗോൽ മാർക്കറ്റിൽ നൈനയും സുശീലും താമസിച്ചിരുന്ന ഫ്ലാറ്റിൽ വച്ചാണ് കൃത്യം നടന്നത്. സംഭവ ദിവസം സുശീൽ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ടത് ഫോണിൽ സംസാരിക്കുന്ന നൈനയെയാണ്. സുശീലിനെ കണ്ടയുടൻ നൈന ഫോൺ വച്ചു. സംശയം തോന്നിയ സുശീൽ ഫോൺ റീഡയൽ ചെയ്തു. മത്‌ലൂബ് ആയിരുന്നു അത്. തുടർന്ന്, നൈനയും സുശീലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കുപിതനായി നൈനയെ വെടിവയ്ക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം കാറിൽ ബാഗിയ റെസ്റ്റോറന്റിലെത്തിച്ചത്.
ഒടുവിൽ മോചനം
2003ൽ കോടതി സുശീലിന് വധശിക്ഷയും കേശവിന് ജീവപര്യന്തവും ശിക്ഷ വിധിച്ചു. 2007ൽ ഹൈക്കോടതി വിധി ശരിവച്ചു. 2013ൽ സുശീലിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് സുപ്രീംകോടതി ഉത്തരവിട്ടു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് 2018 ഡിസംബർ 21ന് സുശീൽ ശർമ 23 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായിരുന്നു.