നെടുമങ്ങാട്: പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടം മഹോത്സവത്തോടനുബന്ധിച്ച് ശുചീകരണ ദൗത്യത്തിൽ ഏർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെയും അതിന് നേതൃത്വം നൽകിയ നഗരസഭാ ഭരണസമിതിയെയും കരിവാരി തേയ്ക്കാൻ ആസൂത്രിത നീക്കമെന്ന് ആക്ഷേപം. ഉത്സവ ദിനങ്ങളിൽ ക്ഷേത്ര നഗരിയിലും നഗരപ്രദേശങ്ങളിലും മുടക്കമില്ലാതെ നടന്ന ശുചീകരണത്തിന് പുറമെ കാട് വെട്ടൽ, ഓട വൃത്തിയാക്കൽ, വഴിവിളക്ക് തെളിക്കൽ, മുനിസിപ്പാലിറ്റി ഓഫീസും പിരസരവും അലങ്കരിക്കൽ, ക്ഷേത്രങ്ങളുടെ സമീപത്തെ ഇടറോഡുകൾ വൃത്തിയാക്കൽ എന്നിവ മുൻ വർഷങ്ങളിലെ പോലെ നടപ്പാക്കിയിരുന്നു. കല്ലിംഗൽ മുതൽ പഴകുറ്റി വരെയും സത്രം ജംഗ്ഷൻ, മുനിസിപ്പൽ ഓഫീസിന് മുൻവശം, ഓഡിറ്റോറിയം റോഡ്, മുത്തുമാരിയമ്മൻ ക്ഷേത്ര പരിസരം, മാർക്കറ്റ് ജംഗ്ഷൻ, കുപ്പക്കോണം റോഡ്, ഗേൾസ് ഹൈസ്‌കൂൾ റോഡ്, എൽ.ഐ.സി ജംഗ്ഷൻ വഴി കല്ലമ്പാറ - പഴകുറ്റി, പാളയം ജംഗ്ഷൻ എന്നിവിടങ്ങളിൽ എല്ലാ ദിവസവും മാലിന്യനീക്കവും നടത്തി. 23 തൊഴിലാളികളാണ് പങ്കെടുത്തത്. 195 തൊഴിൽ ദിനങ്ങൾ കൊണ്ട് ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയിരുന്നു.

 ജാഗ്രത പുലർത്തണം: ചെയർപേഴ്‌സൺ

നഗരസഭാ കൗൺസിൽ യോഗം ഐകകണ്ഠ്യേന എടുത്ത തീരുമാനപ്രകാരം മുൻ വർഷങ്ങളെക്കാൾ കുറഞ്ഞ തൊഴിൽ ദിനങ്ങൾ ചിട്ടപ്പെടുത്തിയാണ് ശുചീകരണം നടത്തിയതെന്നും നിയമാനുസൃത വേതനം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ പരത്താനുള്ള ഗൂഢനീക്കത്തിൽ ജാഗരൂകരായിരിക്കണമെന്നും നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അറിയിച്ചു. നഗരസഭയ്‌ക്കെതിരെ നടക്കുന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ക്ഷേത്ര പരിസരങ്ങളും ഇടറോഡുകളും ശുചീകരിക്കാൻ തീരുമാനിച്ചതെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.