തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം നേതാക്കളുടെ അറിവോടെയാണ് ക്വട്ടേഷൻ സംഘങ്ങൾ സ്വർണം കടത്തുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ പറഞ്ഞു. അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവർക്ക് മുഖ്യമന്ത്രിയുമായും പി. ജയരാജനുമായും
അടുത്ത ബന്ധമാണുള്ളത്. ഡി.വൈ.എഫ്.ഐ കവർച്ചാ സംഘമായി മാറി. സ്വർണക്വട്ടേഷൻ സംഘങ്ങളുമായുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യുവജന പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഹനത്തിൽ സ്വർണം കടത്തുന്ന രീതിയിൽ പ്രതീകാത്മകമായിരുന്നു യുവമോർച്ച സമരം. ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, സെക്രട്ടറി ബി.ജി.വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.