തിരുവനന്തപുരം: ദൈവദാസൻ ആർച്ച് ബിഷപ് മാർ ഇവാനിയോസിന്റെ 68ാം ഓർമ്മപെരുന്നാൾ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ആരംഭിച്ചു. മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുർബാന അർപ്പിച്ചു. മലങ്കര സഭയിലെ നവോത്ഥാനത്തിന്റെ പ്രചാരകനും പ്രചോദകനുമാണ് ദൈവദാസൻ മാർ ഇവാനിയോസെന്ന് കുർബാന മദ്ധ്യേ കാതോലിക്കാ ബാവാ പറഞ്ഞു. തുടർന്ന് കബറിൽ ധൂപ പ്രാർത്ഥന നടന്നു. തിരുനാൾ ദിനത്തിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് കത്തീഡ്രലിൽ കുർബാനയും തുടർന്ന് കബറിൽ അനുസ്‌മരണ പ്രാർത്ഥനയും ഉണ്ടായിരിക്കും.
ഇന്ന് പാറശാല രൂപതാദ്ധ്യക്ഷൻ ബിഷപ് തോമസ് മാർ യൗസേബിയോസും നാളെ ബിഷപ് എബ്രഹാം മാർ ജൂലിയോസും ഞായറാഴ്ച്ച ബിഷപ് സാമുവൽ മാർ ഐറേനിയോസും കുർബാന അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, വിൻസെന്റ് മാർ പൗലോസ്, ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറി യോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഗുഡ്ഗാവ് ഭദ്രാസന അഡ്മിനിസ്‌ട്രേറ്റർ ഫാ. വിനയാനന്ദ്, വികാരി ജനറൽമാരായ യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ, മാത്യു മനക്കര കാവിൽ കോർ എപ്പിസ്‌കോപ്പാ, ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. മത്തായി കടവിൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. പെരുന്നാൾ 15ന് സമാപിക്കും.