നെയ്യാറ്റിൻകര: നഗരസഭാ പ്രദേശത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതൽ 18 വരെയെന്ന് ചൂണ്ടിക്കാട്ടി തുറക്കാൻ അനുവദിച്ച കടകൾക്ക് 2,000 രൂപ പിഴ ഈടാക്കി അടപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറി മണികണ്ഠനെ ഉപരോധിച്ചു.
സെക്രട്ടറിയുടെ നിർദ്ദേശത്തിൽ പൊലിസെത്തി സമരക്കാരുമായി ചർച്ച നടത്തി. ചെയർമാന്റെ നേതൃത്വത്തിൽ കമ്മിറ്റി ചേർന്ന് പിഴയൊഴിവാക്കാനുള്ള തീരുമാനമെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. മഞ്ചത്തല സുരേഷ്, അന്റണി അലൻ, സതീഷ് ശങ്കർ, വേണുഗോപാലൻ നായർ, കെ.പി. ഉദയകുമാർ, എച്ച്. ദാവൂദ്, വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.