kseb
സായന്തനയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകുന്നു

തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയുടെ വീട്ടിൽ വൈദ്യുതിയില്ലാത്തത് പ്രതിസന്ധിയാണെന്ന് കേട്ടമാത്രയിൽ ഉടനടി വൈദ്യുതി കണക്ഷൻ നൽകാൻ ഉത്തരവിട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടി. മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ട് നാലുമണിക്ക് മുമ്പ് തന്നെ രണ്ട് പോസ്റ്റുകളിട്ട് വിദ്യാർത്ഥിനിയുടെ വീട്ടിൽ വൈദ്യുതിയും എത്തിച്ചു.

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്ഷനോഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ മൂവാറ്റുപുഴ എം എൽ എ ഡോ.മാത്യു കുഴൽനാടനാണ് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ അഞ്ചൽപെട്ടി എൽ.പി എസ്സിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി സായന്തനയുടെ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇക്കാര്യം കേട്ടമാത്രയിൽതന്നെ അടിയന്തിരമായി വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനുള്ള നിർദ്ദേശംമന്ത്രി നൽകുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ വൈകിട്ട് നാലു മണിയോടെ രണ്ട് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ കൊടുക്കുകയും ചെയ്തു.