കാട്ടാക്കട: തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി ഹർഷാദിന്റെ (45) മരണം നാട്ടുകാരെ ദുഃഖത്തിലാഴ്തി. മൃഗശാലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്.
കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെയാണ് രാജവെമ്പാല കടിച്ചത്. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അമ്പൂരി കൂട്ടപ്പു പ്ലാവിള വീട്ടിൽ ഹർഷാദ് കാട്ടാക്കടയിൽ കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. അബ്ദുൾ സലാം - ആയിഷ ദമ്പതികളുടെ മകനാണ് ഹർഷാദ്. ഹർഷാദിന്റെ ഏക വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ഹർഷാദിന് 12 വയസുള്ള ഒരു മകനുണ്ട്. 13 വർഷത്തോളം മൃഗശാലയിൽ താത്കാലിക ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് ജോലി സ്ഥിരപ്പെട്ടത്. പിതാവ് അബ്ദുൾ സലാം സർക്കസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വഴിയോരങ്ങളിൽ സർക്കസ് നടത്തുന്ന പിതാവിന്റെ കൂടെ നടന്ന് സിംഹത്തെപ്പോലും മെരുക്കാനുള്ള വിദ്യ ഹർഷാദ് സ്വായത്തമാക്കിയിരുന്നു. മൃഗങ്ങളോടുള്ള ഈ അടുപ്പമാണ് ഹർഷാദിനെ മൃഗശാലയിലെ ജോലിക്ക് എത്തിച്ചത്.
സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ അനാഥത്വത്തിലാക്കുകയാണ്. ഭാര്യ:ഷീജ, മകൻ:അഭിൻ.