കാട്ടാക്കട: മ്യൂസിയത്ത് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച കാട്ടാക്കട സ്വദേശി ഹർഷാദിന്റെ കുടുംബത്തിന് കിട്ടാവുന്ന ആനുകൂല്യങ്ങൾ മുഴുവൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഹർഷാദിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യമൃഗങ്ങളെ പരിപാലിക്കുന്ന മുഴുവൻ ജീവനക്കാർക്കും ആവശ്യമായ സുരക്ഷയൊരുക്കാൻ മൃഗശാലാ അധികൃതർക്ക് നിർദ്ദേശം നൽകും.രാജവെമ്പാല കടിച്ച് ഒരാൾ മരിക്കുന്നത് ആദ്യസംഭവമാണെന്നും മന്ത്രി പറഞ്ഞു. ഭാര്യ ഷീജ, മാതാവ് അയിഷ എന്നിവരോട് മന്ത്രി സംസാരിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം രാധിക, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഗോപകുമാർ, സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ഗിരി, കെ.പി.സി.സി നിർവാഹക സമിതിഅംഗം മലയിൻകീഴ് വേണുഗോപാൽ, ശ്രീസജി, മുതിയാവിള സുരേഷ്,കാട്ടാക്കട മാഹീൻ എന്നിവരും മന്ത്രിക്കൊപ്പം വീട്ടിലെത്തി.