പാറശാല: ബൈക്കിലെത്തിയ യുവാവ് നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ നാലുപവന്റെ മാലയുമായി കടന്നു. കൊറ്റാമം ജംഗ്‌ഷന് സമീപം രാഘവ മന്ദിരത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ എസ്. പദ്മകുമാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ പരശുവയ്ക്കൽ തെക്കുംകര ക്ഷേത്രത്തിന് സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ചാണ് സംഭവം. പരശുവയ്ക്കൽ പോസ്റ്റോഫീസിൽ പോകുകയായിരുന്നു പദ്മകുമാരി.

തെക്കുംകര ക്ഷേത്രത്തിനെടുത്തെത്തിയപ്പോൾ മലഞ്ചുറ്റ് ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ മാല പൊട്ടിച്ച ശേഷം പരശുവയ്ക്കൽ ഭാഗത്തേക്ക് കടക്കുകയായിരുന്നു. പദ്മകുമാരി പാറശാല സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.