പോത്തൻകോട്: തണ്ണീർത്തടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഓഫീസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. പോത്തൻകോട് ഗ്രാമപഞ്ചയാത്തിലെ മേലേവിള വാർഡിൽ മണമേൽ ക്ഷേത്രത്തിന് സമീപത്താണ് അനധികൃതമായി തണ്ണീർത്തടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതി ലഭിച്ചത്. തണ്ണീർത്തടങ്ങൾ അനധികൃതമായി നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് വിവരം കൃഷി ഓഫീസറുടെയും അയിരൂപ്പാറ വില്ലേജ് ഓഫീസറുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഘം ഭീഷണി മുഴക്കിയത്. ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തിയ ആറംഗസംഘം പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതായും കൃത്യനിർവഹണം തടസപ്പെടുത്തിയതായും ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്യാപ്ഷൻ: മേലേവിള വാർഡിൽ മണമേൽ ക്ഷേത്രത്തിന് സമീപം അനധികൃതമായി തണ്ണീർത്തടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ നിലയിൽ