കിളിമാനൂർ: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സംവിധാനം ഒരുക്കുന്നതിൽ അദ്ധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ ഐ.ടി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക പരിശീലന കോഴ്സുകൾക്ക് കാത്തുനിൽക്കാതെ തുടർപഠനത്തിന് അദ്ധ്യാപക സംഘടനകൾ പരിശീലനം നൽകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫർ, ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ, ഐ.ടി വിംഗ് ചെയർമാൻ നബീൽ, സംസ്ഥാന ട്രഷറർ പി.പി.ഫിറോസ്, സംഘടനാ വിഭാഗം സെക്രട്ടറി ഇ.ഐ.സിറാജ് മദനി, സംസ്ഥാന സെക്രട്ടറി അനസ്.എം.അഷറഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സഹൽ, ഹിഷാമുദീൻ, സലാഹുദീൻ, എ.മുനീർ, സജ്ജാദ് ഫാറൂഖി, വനിതാ വിംഗ് സംസ്ഥാന കൺവീനർ സംഗീത റോബർട്ട്, ഐ.ടി വിംഗ് കൺവീനർ അൻവർ പള്ളിക്കൽ, കോ-ഓഡിനേറ്റർ സുനീർ എന്നിവർ സംസാരിച്ചു.