മുക്കം: കൊവിഡ് വ്യാപനത്തിൽ ആശങ്കയിലായ ജനത്തെ വട്ടം കറക്കുന്ന സന്ദേശങ്ങളുമായി അധികൃതർ. ആലോചനയില്ലാതെ പുറത്തുവിടുന്ന സന്ദേശങ്ങളാണ് ജനത്തെ വട്ടം കറക്കുന്നത്. മുക്കത്ത് കഴിഞ്ഞ ദിവസം കൊവിഡ് നോഡൽ ഓഫീസറായ ഒരു ഡോക്ടറുടെ ഫോൺ സന്ദേശം നാട്ടുകാരെ ഒട്ടൊന്നുമല്ല വട്ടം കറക്കിയത്. 'കൊവിഡ് 19 വകഭേദമായ ഡെൽറ്റ മുക്കത്തും എത്തി, നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവർക്കും ശ്രദ്ധ വേണം' എന്നാണ് ഈ നോഡൽ ഓഫീസർ ജൂൺ 29ന് രാത്രി പുറത്തുവിട്ട ശബ്ദ സന്ദേശം.
ഡെൽറ്റ വൈറസിന്റെ 'ഭീകര' ചിത്രം മനസിലുള്ളവർ ഉടൻ ജാഗ്രത കടുപ്പിക്കാനായി ശബ്ദ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു. ടെലിവിഷൻ ചാനലുകളിൽ വാർത്തയും വന്നു. എന്നാൽ മെയ് 20ന് കൊവിഡ് പോസിറ്റീവായവരുടെ സാമ്പിളിന്റെ ഫലം വൈകി വന്നതാണ് ഈ വിധം പ്രചരിപ്പിച്ചത്. ഈ രോഗികളെല്ലാം സുഖം പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നോഡൽ ഓഫീസറുടെ ഭയപ്പെടുത്തുന്ന സന്ദേശം പ്രചരിച്ചത്. ഇതിനെ ചൊല്ലി വലിയ കോലാഹലവും നടന്നു.
നേരത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പ് എന്ന പേരിൽ കൊവിഡ് ചട്ടങ്ങൾ കാറ്റിൽപറത്തി ആൾക്കൂട്ടങ്ങളെ അണിനിരത്തി പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് പിന്നിലും ഇതേ ഡോക്ടർമാർ തന്നെയായിരുന്നു. മുക്കം സി.എച്ച്.സിയിൽ വാക്‌സിനേഷൻ ചുമതലയുള്ള ഒരു ഡോക്ടർ പുറത്തുവിട്ട ശബ്ദസന്ദേശം കേട്ട് മെയ് 3ന് ആശുപത്രി വളപ്പിൽ ആയിരത്തിൽപരം വൃദ്ധരും രോഗികളും തടിച്ചുകൂടിയത് പൊലീസിന് പോലും തലവേദന സൃഷിച്ചു. ആശുപത്രിയിൽ വാക്‌സിനേഷൻ ക്യാമ്പുകളും സ്രവ പരിശോധന ക്യാമ്പുകളും നടത്തുന്നതും പരാതിക്കും പ്രതിഷേധത്തിന്നും ഇടയാക്കി. തുടർന്ന് ഇവ രണ്ടും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് നോഡൽ ഓഫീസറായ ഡോക്ടറുടെ ശബ്ദ സന്ദേശം വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്.