george-mathew

പാലോട്: ഒരുമിച്ചുനിന്നാൽ എന്തും നേടാൻ കഴിയും എന്നുകാണിച്ച് തന്നിരിക്കുകയാണ് നന്ദിയോട് പഞ്ചായത്ത്. കൊവിഡ് രോഗബാധ നിയന്ത്രണാതീതമായി തുടർന്നിരുന്ന പഞ്ചായത്താണ് നന്ദിയോട്. പഞ്ചായത്ത്, പൊലീസ്, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, യുവജന കൂട്ടായ്മകൾ എന്നിവർ ഒരുമിച്ച് കൈകോർത്തതോടെ കൊവിഡ് പടിക്ക് പുറത്തായി.

ആർ.ടി.പി.സി.ആർ ടെസ്റ്റ് വർദ്ധിപ്പിച്ച് പ്രതിരോധ വാക്സിൻ വിതരണം വ്യാപിപ്പിച്ചതും കിടപ്പു രോഗികൾക്ക് വാക്സിൻ വീട്ടിലെത്തി നൽകിയതും രോഗനിയന്ത്രണ തോത് ഗണ്യമായി കുറയാൻ കാരണമായി. ഇതോടൊപ്പം വാർ റൂം, ഹെൽപ്പ് ഡെസ്ക്, കർമ്മ സേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്തിനായി. പാലോട് പൊലീസിന്റെ നേതൃത്വത്തിലുള്ള നിയന്ത്രണങ്ങൾ രോഗവ്യാപനം ഉറപ്പുവരുത്തുന്നതിൽ നിർണായക ശക്തിയായി.

പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഓരോ വാർഡിലും അൻപത് പേരെ വീതം ഉൾപ്പെടുത്തി നോഡൽ ഗ്രൂപ്പ് ഉണ്ടാക്കി.

കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി കാവൽസേനയുണ്ടാക്കുകയും അനാവശ്യ യാത്രകളും, പൊതു ചടങ്ങുകൾ എന്നിവ ശക്തമായി നിയന്ത്രിച്ചും പൊലീസ് സേന ഒപ്പം നിന്നു.

സർക്കാർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രം പച്ച എൽ.പി സ്കൂളിലേക്ക് സൗകര്യപ്രദമായി മാറ്റി. മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യുവിന്റെയും ജെ.പി.എച്ച്.ഒ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ ഓരോ വീടുകളിലുമെത്തി പരിശോധന ശക്തമാക്കി. കിടപ്പു രോഗികൾക്ക് വാക്സിനേഷന് വേണ്ടി ടീം ഉണ്ടാക്കി വീടുകളിലെത്തി വാക്സിനേഷൻ നൽകി കൊവിഡ് പകർച്ച ഒഴിവാക്കി. ഓരോ വാർഡ് അംഗങ്ങളും മുഴുവൻ സമയവും തങ്ങളുടെ വാർഡുകളിൽ ചെലവഴിച്ച് രോഗബാധ നിയന്ത്രണത്തിലാക്കാൻ അശ്രാന്തപരിശ്രമം നടത്തിയിരുന്നു.

ആശകൾ ആശങ്കയിലാണ്...

പാലോട് സർക്കാർ ആശുപത്രിയിൽ 32 ആശാവർക്കർമാരാണ് നിലവിലുള്ളത്. ഇവർക്ക് ആറായിരം രൂപയാണ് നിലവിൽ ശമ്പളമായി ലഭിക്കുന്നത്. തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഓരോ വാർഡുകളിലും എത്തി ഓരോ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിന് പുറമേ വാക്സിനേഷന് എത്തിക്കുന്നതും, പ്രസവ സഹായമെത്തിക്കുന്നതും, കൊവിഡ് രോഗബാധിതർക്ക് ആവശ്യമായ മരുന്നുകളും പ്രതിരോധ ഉത്പന്നങ്ങളും എത്തിച്ചുനൽകുന്നതും ഇവർ തന്നെ.

എന്നാൽ ഇവർക്ക് ഇതുവരെ വേതന വർദ്ധന ഉണ്ടായിട്ടില്ല എന്നതാണ് ഏറെ സങ്കടകരം. പലർക്കും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടുപോലും ഇല്ലാത്ത സ്ഥിതിയാണ്. ആശാവർക്കർമാർക്ക് ശമ്പളവർദ്ധന ഉറപ്പാക്കാൻ സർക്കാർ കനിവ് കാട്ടണം എന്നാണ് ഇവരുടെ അഭ്യർത്ഥന.