തലശ്ശേരി: ബ്രണ്ണൻ സായിപ്പിന്റെ പേരിലുള്ള കാമ്പസിൽ പഠിച്ചിരുന്ന ഭരണ പ്രതിപക്ഷ നിരകളിലെ പ്രമുഖർ ഉയർത്തിയ വിദ്യാർത്ഥി രാഷ്ട്രീയ വിവാദങ്ങളുടെ കൊടുങ്കാറ്റ് ഇനിയും ശമിച്ചില്ലെന്നിരിക്കെ, ബ്രണ്ണൻ സായിപിനെ കുറിച്ചുള്ള സ്മരണകളും ഉയരുകയാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌ക്കാരിക രംഗത്ത് നാഴികക്കല്ലായി മാറിയ എഡ്വേർഡ് ബ്രണ്ണനും തലശ്ശേരിയും തമ്മിലുള്ള ബന്ധം വിസ്മയകരമായ ഒരു ചരിത്ര കഥയാണ്. 1784ൽ ലണ്ടനിൽ ജനിച്ച എഡ്വേർഡ് ബ്രണ്ണൻ 1810 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി നേടുകയും, കപ്പലിൽ കാബിൻ ബോയിയായി മാറുകയും ചെയ്തു. തലശ്ശേരിക്ക് സമീപം കടൽക്ഷോഭത്തിൽ കപ്പൽ തകർന്നപ്പോൾ, നീന്തി തളർന്നു പോയ ബ്രണ്ണനെ മത്സ്യ ബന്ധന തൊഴിലാളികളാണ് അത്ഭുതകരമായി രക്ഷിച്ചത്.
തലശ്ശേരി തുറമുഖത്ത് മാസ്റ്റർ അറ്റൻഡായി ജോലി നോക്കിയ അദ്ദേഹം കുതിരക്കമ്പക്കാരനായിരുന്നു. 'കപ്പൽ ഛേദം കൊണ്ടുവന്ന കരുണാമയൻ ' എന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ള ബ്രണ്ണനെ വിശേഷിപ്പിച്ചത്.
നിർദ്ധന ജനസമൂഹത്തിന്റെ പരിപാലനത്തിനായി 1846 ൽ ടെലിച്ചെറി പുവർ ഫണ്ട് എന്ന ട്രസ്റ്റ് രൂപികരിച്ചു. നാട്ടുകാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ വിൽപത്ര പ്രകാരം ജാതി മത വ്യത്യാസമില്ലാതെ ഇംഗ്ലീഷ് പഠിക്കാൻ നഗരഹൃദയഭാഗത്ത് 1861ൽ ' ഫ്രീ സ്‌കൂൾ ' സ്ഥാപിച്ചു. ഇതാണ് പിന്നീട് ബ്രണ്ണൻ കോളേജ് ആയത്.
160 വർഷത്തെ പഴക്കമുള്ള മലബാറിലെ തലയെടുപ്പുള്ള കോളേജാണിത്. 1859 ഒക്ടോബർ 2 ന് മരണമടഞ്ഞ ബ്രണ്ണൻ സായിപ്പിന്റെ മൃതദേഹം സെന്റ് ജോൺസ് പള്ളിയിലെ കല്ലറയിലാണ് അടക്കം ചെയ്തത്. തലശേരി കോട്ടയുടെ പിറകു വശത്തായി സ്ഥിതി ചെയ്യുന്ന ഈ ഇംഗ്ലീഷ് പള്ളി, ബ്രണ്ണൻ സായിപ്പിന്റെ ജീവിത സമ്പാദ്യം കൊണ്ട് പണിതതാണ്. ബ്രണ്ണൻ സായിപ്പ് ഒരു മകനെ ദത്തെടുത്ത് വളർത്തിയിരുന്നു. തലശ്ശേരി സ്വദേശിനിയായ ഒരു സ്ത്രീയിൽ സായിപ്പിന് ഫ്ലോറ എന്ന ഒരു മകൾ ഉണ്ടായിരുന്നു. പതിനാറാമത്തെ വയസിൽ മരിച്ചു പോയ ഫ്ലോറയുടെ ശവകുടീരം ഊട്ടി സെന്റ് സ്റ്റീഫൻസ് ചർച്ചിലാണുള്ളത്. ബ്രണ്ണന്റെ മകൾക്ക് വേണ്ടിയുള്ള ഒസ്യത്ത് പ്രകാരം നൽകിയ തുക ഉപയോഗിച്ച് പിൽക്കാലത്ത് ബാസൽ മിഷൻ ബാലികാ മഠങ്ങൾ സ്ഥാപിച്ചു. ചിറയ്ക്കലും ചോമ്പാലയിലും കോഴിക്കോട്ടും ഇതിന് ശാഖകളുണ്ടായിരുന്നൂ. ബ്രണ്ണൻ സായിപ്പിന്റെ ബംഗ്ലാവ് സബ് കളക്ടർ ബംഗ്ലാവ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.