വിതുര: വിതുര പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമനത്തിൽ സംവരണ അട്ടിമറിയെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലാണ് പട്ടിക വർഗ സംവരണം അട്ടിമറിച്ചത്. നിലവിലുണ്ടായിരുന്ന അക്രഡിറ്റഡ് എൻജിനിയർ കഴിഞ്ഞ ആഴ്ചയിൽ കടയ്ക്കാവൂർ പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. സംവരണം ചെയ്യപ്പെട്ട തസ്തികയിൽ ഒഴിവ് വരുന്ന മുറയ്ക്ക് അതേ തസ്തികയിൽ പട്ടികവർഗ വിഭാഗക്കാരെ നിയമിക്കാൻ 2019 സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് നിലവിലെ ഓവർസിയറെ അക്രഡിറ്റഡ് എൻജിനിയറാക്കി നിയമനം അട്ടിമറിച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ എ.ഇ നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. കോൺഗ്രസ് അംഗങ്ങളായ മേമല വിജയൻ, വിഷ്ണു ആനപ്പാറ, മരുതാമല ജി. ഗിരീഷ് കുമാർ, ചെറ്റച്ചൽ സുരേന്ദ്രൻ നായർ, പേപ്പാറ ലതകുമാരി എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: വിതുര പഞ്ചായത്ത് ഒാഫീസ് പടിക്കൽ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ധർണ