ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രായ മാലിക് ജൂലായ് 15ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മിക്കുന്നത്. 2020ൽ ഈദ് റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പദ്ധതിയിട്ട ചിത്രമാണ് മാലിക്. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ റിലീസ് പ്രതിസന്ധിയിലായി. അങ്ങനെയാണ് ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുന്നത്.
അമ്പത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയിട്ടാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും സിനിമയിലൂടെ കാണാം. ഇരുപത് വയസ് മുതൽ 55 വയസുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. 27 കോടിയോളം ബഡ്ജറ്റുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ എന്നിവരും അഭിനയിക്കുന്നുണ്ട്.