തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിക്ക് പറയാനുള്ളത്. മൂന്ന് ദേശീയ അവാർഡുകളും പത്മശ്രീയും നേടി ‘മഹാനടൻ’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിയാണ് മമ്മൂട്ടി. ഇപ്പോൾ, തന്റെ ആദ്യചിത്രവുമായി ബന്ധപ്പെട്ട ഒരോർമ്മ പങ്കുവയ്ക്കുകയാണ് മെഗാസ്റ്റാർ. പ്രേക്ഷകർ ആദ്യം സ്ക്രീനിൽ കണ്ട ആ നിമിഷത്തെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടികുറിക്കുന്നത്...
" വെള്ളിത്തിരയിലെ ആദ്യമായി ഞാൻ പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഷോട്ടാണിത്. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് അത് കളറാക്കിയ വ്യക്തിക്ക് വലിയൊരു നന്ദി...ഇത് മറ്റൊരു കാലഘട്ടത്തിൽ നിന്നുള്ള ഉജ്ജ്വലമായ ഓർമ്മകൾ എന്നിലേക്ക് തിരികെ കൊണ്ടുവരുന്നു. സത്യൻ മാസ്റ്റർക്കൊപ്പം അഭിനയിക്കാനുള്ള അപൂർവ്വ ഭാഗ്യം എനിക്കു ലഭിച്ചു. ഷോട്ടിന്റെ ഇടവേളയിൽ അദ്ദേഹം മയങ്ങുമ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ കാൽ തൊട്ടത് ഞാൻ ഓർക്കുന്നു... "മമ്മൂട്ടി കുറിച്ചു.
പൃഥ്വിരാജ് ഈ ചിത്രത്തെ ‘നിധി’ എന്നാണ് വിശേഷിപ്പിച്ചത്. ടൊവിനോ തോമസ്, അനു സിതാര, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.