deerpark

കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിലെ സിംഹം - ചീങ്കണ്ണി പാർക്കുകൾക്ക് പിന്നാലെ മാൻ പാർക്കും വിസ്മൃതിയിലാകുമോ എന്ന് ആശങ്കയിലാണ് ടൂറിസ്റ്റുകൾ. നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ സിംഹങ്ങൾക്കും, ചീങ്കണ്ണികൾക്കും പിന്നാലെ മാനുകളും ചത്തൊടുങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നെയ്യാർഡാമിലെത്തുന്ന സഞ്ചാരികളുടെ ഏറെ ആകർഷണ കേന്ദ്രമാണ് മാൻ പാർക്ക്. കൃഷ്ണമൃഗങ്ങളും ചത്തൊടുങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.

അടുത്തിടെ മാൻ പാർക്കിൽ നിന്ന് പത്തോളം മാനുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മാനുകൾ ചത്തത് ശ്വാസകോശത്തിലെ അണുബാധയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ചത്തമാനുകളെ പോസ്റ്റ്മോർട്ടത്തിനായി പാലോട് വെറ്ററിനറി ലാബിൽ കൊണ്ടുപോയെങ്കിലും ഇതേവരെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ചത്തമാനുകളുടെ കുളമ്പിലെ വ്രണവും അതുമായി ബന്ധപ്പെട്ട ഇൻഫക്ഷനുമാണ് മരണത്തിലേക്ക് നയിച്ചത്. കൊവിഡ് ഫലം നെഗറ്റീവാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മാനുകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

 മാൻ പാർക്ക് സ്ഥാപിച്ചത്........... 1995ൽ

 വ്ലാവെട്ടിക്ക് സമീപം മരക്കുന്നത്ത് എട്ടരയേക്കർ സ്ഥലത്ത്

 എണ്ണം കുറയ്ക്കാൻ നീക്കം

മാനുകൾ പെരുകാൻ തുടങ്ങിയതോടെ ഇവയെ വന്ധീകരിക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമാക്കിയതോടെ ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ പാർക്കിലെ മാനുകളെ ആൺ പെൺ തിരിച്ച് രണ്ട് വിഭാഗങ്ങളാക്കാനും ശ്രമം നടന്നിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു.

 മാനുകളുടെ എണ്ണം പെരുകിയപ്പോൾ ഉൾവനത്തിലേക്ക് തുറന്നുവിടുന്നതിന് പകരം തൊട്ടടുത്ത വ്ലാവെട്ടി പ്രദേശത്തേക്ക് തുറന്നുവിട്ടു

 ഇതോടെ പ്രദേശത്തെ മുഴുവൻ കൃഷിയും ഇവ നശിപ്പിച്ചു.

 മാനുകൾ പുറത്തെത്തിയതോടെ മാനുകളെ വേട്ടയാടുന്ന സംഘങ്ങളും സജീവമായി.

 ലയൺ സഫാരി പാർക്കിനും ശനിദശ

ലയൺ സഫാരി പാർക്കിൽ സിംഹങ്ങളുടെ എണ്ണം കൂടിയതോടെയാണ് അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ സിംഹങ്ങളെ വന്ധ്യംകരിക്കാൻ തീരുമാനമെടുത്തത്. ഇതോടെ ലയൺ സഫാരി പാർക്കിന്റെ ശനിദശയും തുടങ്ങി. അടുത്തകാലത്ത് ലയൺ സഫാരി പാർക്ക് നിലനിറുത്താൻ ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾ രണ്ടെണ്ണവും ചത്തു. ഈ പാർക്കിൽ അവശേഷിച്ച സിംഹവും ചത്തതോടെ ലയൺ സഫാരിപാർക്കിൽ ഒറ്റ സിംഹം പോലും ഇല്ല. ഇവിടെയിപ്പോൾ വിദൂര സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ എത്തിച്ച് ചികിത്സ നൽകാനുള്ള കേന്ദ്രമാക്കി മാറ്റാനാണ് അധികൃതരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ പോയാൽ ലയൺ സഫാരി പാർക്ക് കടുവകളുടെ ചികിത്സ കേന്ദ്രമായതു പോലെ മാൻ പാർക്കും മാനില്ലാത്ത ഗവേഷണ കേന്ദ്രമായി നെയ്യാർഡാമിൽ അവശേഷിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.


കേരളത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നെയ്യാർഡാം. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ലയൺ - ചീങ്കണ്ണി - മാൻ പാർക്കുകൾ. ഇപ്പോൾ ചീങ്കണ്ണിപ്പാർക്കും ലയൺ സഫാരിപ്പാർക്കും അടച്ച നിലയിലായി. വിനോദ സഞ്ചാര കേന്ദ്രത്തെ നിലനിറുത്താൻ വനംവകുപ്പ് അടിയന്തര നടപടികൾ ഉണ്ടാകണം.

ബിജുകുമാർ കള്ളിക്കാട്, പൊതു പ്രവർത്തകൻ

ഫോട്ടോ..............നെയ്യാർഡാം മരക്കുന്നത്തെ മാൻ പാർക്ക്