vaccine

രോഗത്തിന് ലിംഗ - വർണ വ്യത്യാസമൊന്നുമില്ലെന്ന് എല്ലാവർക്കും അറിയാം. അതുപോലെ വിവിധ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടെ കാര്യത്തിലും വിവേചനങ്ങൾ കാണാറില്ല. സായിപ്പിനുവേണ്ടി പ്രത്യേക മരുന്ന്, കറുത്ത വർഗക്കാരന് പ്രത്യേക മരുന്ന് എന്ന നിലയിൽ എവിടെയെങ്കിലും ഔഷധ നിർമ്മാണം നടക്കുന്നതായും അറിവില്ല. ഇതു പറയാൻ കാരണം ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ശാസ്ത്ര ലോകവും ഔഷധ നിർമ്മാതാക്കളുമെല്ലാം ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച ഭിന്ന നിലപാടുകൾ ശ്രദ്ധയിൽ പെട്ടതാണ്. ലണ്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗവുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്പിലെ നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് കല്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യയുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ദിവസം ഇവയിൽ ഒൻപതു രാജ്യങ്ങൾ ഈ തീരുമാനത്തിൽ നിന്നു പിന്മാറാൻ സന്നദ്ധമായി. നമ്മുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായി നേരത്തെ ബ്രസൽസിൽ വച്ചു നടന്ന ചർച്ചയിൽ ഈ കാര്യംആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ ഒന്നാകെ അംഗീകരിച്ചിട്ടില്ലെങ്കിലും ഇപ്പോൾ അവയിൽ ഒൻപതു രാജ്യങ്ങൾ സ്വന്തം നിലയ്ക്കാണ് രണ്ടു ഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും തങ്ങളുടെ രാജ്യത്തേക്ക് വരാൻ അനുമതി നൽകിയിരിക്കുന്നത്. ഓസ്ട്രിയ, ജർമ്മനി, സ്ളോവേനിയ, ഗ്രീസ്, ഐസ്‌ലൻഡ്, സ്പെയിൻ, അയർലൻഡ്, എസ്തോണിയ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഈ രാജ്യങ്ങൾ. 27 അംഗ യൂറോപ്യൻ യൂണിയനിലെ മറ്റംഗങ്ങൾ ഇപ്പോഴും തീരുമാനം മാറ്റിയിട്ടില്ല. പാശ്ചാത്യ നാടുകളിൽ വികസിപ്പിച്ച മറ്റു വാക്സിനുകൾക്കേ ഈ രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുള്ളൂ.

ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള സകല മാനദണ്ഡങ്ങൾക്കും അനുസൃതമായി നിർമ്മിച്ചവയാണ്. ഡബ്ളിയു.എച്ച്.ഒ കൊവിഷീൽഡിന് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായതിന്റെ ഔപചാരികമായ കടലാസുകൾ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് കൊവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകാൻ കാരണം. ആഗസ്റ്റ് പകുതിയോടെ അതുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യയിൽ കൊവിഷീൽഡും കൊവാക്സിനും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു വാക്സിനുകളുടെയും ഫലപ്രാപ്തി ഇതിനകം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പ്രതിരോധ കുത്തിവയ്‌പിനു വേഗം കൂട്ടാൻ വേണ്ടിയാണ് രാജ്യം വിദേശത്തു നിന്ന് മറ്റു വാക്സിനുകളുടെ ഇറക്കുമതിക്കൊരുങ്ങിയത്. രാജ്യത്ത് വികസിപ്പിച്ച വാക്സിനുകൾ രണ്ടാം കിടയാണെന്ന് ആരും ധരിക്കേണ്ടതില്ല. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരും രോഗവാഹകരാണെന്ന ധാരണ വച്ചു പുലർത്തുന്നതു കൊണ്ടാണോ പാശ്ചാത്യർ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് തുടരുന്നതെന്നു നിശ്ചയമില്ല. വർണ വിവേചനത്തിന്റെ അംശം ഇപ്പോഴും രക്തത്തിലുള്ളവർക്ക് ഒരുപക്ഷേ ഇന്ത്യൻ വാക്സിന്റെ കാര്യത്തിലും സംശയം തോന്നാം. അതല്ലാതെ ശാസ്ത്രീയമായി യാതൊരടിസ്ഥാനവുമില്ലാത്ത തീർത്തും വിവേചനപരമായ സമീപനമാണ് യൂറോപ്യൻ രാജ്യങ്ങൾ വച്ചുപുലർത്തുന്നതെന്നു പറയേണ്ടിവരും. കഴുത്തറുപ്പൻ മത്സരം നടമാടുന്ന വാക്സിൻ വിപണിയിൽ ഇന്ത്യൻ വാക്സിനുകൾക്കെതിരെ നേരത്തെ മുതൽ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. സഹസ്രകോടികളുടെ കച്ചവടമാണിത്.