വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ ചിറ്റാർ മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ചിറ്റാർ മേഖലയിൽ കൊണ്ടിട്ടു.
പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമായിട്ട് വർഷങ്ങളേറെയായി. ഇരുളിന്റെ മറവിലാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ടിടുന്നത്. റോഡരികിൽ ചിതറിക്കിടക്കുന്ന അറവുമാലിന്യങ്ങൾ അഴുകി പ്രദേശം മുഴുവൻ ദുർഗന്ധം പരക്കുകയാണ്. മാലിന്യങ്ങൾ കാക്കയും മറ്റും കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും കൊണ്ടിടുന്നതുമൂലം ജലം മലിനപ്പെടുന്നതായും പരാതിയുണ്ട്.
ഇതുസംബന്ധിച്ച് ചിറ്റാർ നിവാസികൾ അനവധി തവണ പഞ്ചായത്തിലും മറ്റും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. സമീപത്തെ നദിയിലും മാലിന്യം നിക്ഷേപിക്കുന്നതായും നാട്ടുകാർ പറയുന്നു. മാത്രമല്ല സ്ഥിരമായി ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി സ്ഥാപിക്കുമെന്ന് വാഗ്ദാനം ഉണ്ടായെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. ആനപ്പാറയ്ക്ക് പുറമേ കല്ലാർ മേഖലയിലും മാലിന്യ നിക്ഷേപം രൂക്ഷമാണ്. വിതുര പഞ്ചായത്തിലെ മിക്ക മേഖലയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് വൻ തോതിൽ മാലിന്യം കൂടി നിക്ഷേപിക്കുന്നത്. ഇത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മാലിന്യ തള്ളുന്നത് ഇവിടെ - ആനപ്പാറ ചിറ്റാർ മേഖലയിൽ
കിണറുകളും മാലിന്യകേന്ദ്രങ്ങളാകുന്നു
പ്രദേശം ദുർഗന്ധപൂരിതം
തെരുവ് നായ ശല്യവും
ആനപ്പാറ ചിറ്റാറിൽ മാലിന്യനിക്ഷേപം രൂക്ഷമായതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർദ്ധിച്ചിട്ടുണ്ട്. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന നായ്ക്കൾ നാട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മാത്രമല്ല മാലിന്യം ഭക്ഷിക്കാൻ കാട്ടുപന്നികളും എത്തുന്നുണ്ട്. രാത്രി ഇതുവഴിയുള്ള യാത്ര അപകടത്തിന് കാരണമാകുമെന്ന ഭയത്തിലാണ് നാട്ടുകാർ.
ആനപ്പാറ, ചിറ്റാർ മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിന് തടയിടാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
എ.ഇ. ഇൗപ്പൻ, പ്രസിഡന്റ്, കാരുണ്യ റസിഡന്റ്സ്
അസോസിയേഷൻ, മുല്ലച്ചിറ ആനപ്പാറ