harithaseena

മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് മൂന്ന് പദ്ധതികൾകൾക്ക് രൂപം നൽകി

കേരളത്തിലെ വലിയ കായലായ കഠിനംകുളം കായൽ ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കായലും പ്രദേശത്തെ പൊതുകിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവയിൽ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. ഇവ പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നാട്ടുകാർക്ക് പകർച്ചവ്യാധികൾക്ക് കാരണമാവുകയും ചെയ്തതോടെയാണ് മാലിന്യ മുക്തമാക്കുന്നതിനായി പദ്ധതികൾക്ക് രൂപം നൽകിയത്. പദ്ധതികൾ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനമെന്ന ആദ്യ പദ്ധതി പ്രവർത്തനക്ഷമമായി ആറുമാസം കഴിയുമ്പോൾ ഇ - വേസ്റ്റ് നിർമാർജന പദ്ധതി ആരംഭിക്കും. ഇതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രത്യേക സെന്ററുകൾ സ്ഥാപിക്കും. ഇവ ഗ്രാമപഞ്ചായത്ത് ശേഖരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറും. അതുകഴിഞ്ഞു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ജൈവ മാലിന്യ നിർമാർജന പദ്ധതിയാണ്. വീട്ടുവളപ്പിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീടുകളിൽത്തന്നെ ജൈവവളമായി മാറ്റുന്ന പദ്ധതിയാണിത്. ഇതിനുള്ള സാങ്കേതിക സഹായം വീട്ടുകാർക്ക് ഗ്രാമപഞ്ചായത്ത് നൽകും.

മൂന്ന് പദ്ധതികൾ

1) പ്ലാസ്റ്റിക് മാലിന്യ നിർമാർജനം

2) ഇ - വേസ്റ്റ് നിർമാർജനം

3) ജൈവ മാലിന്യ നിർമാർജനം

ഹരിത കർമ്മസേന രൂപീകരിച്ചു

ആദ്യ ഘട്ടമായി വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഹരിത കർമ്മ സേന രൂപീകരിച്ചു. 18 വാർഡുള്ള പഞ്ചായത്തിൽ ഒരു വാർഡിന് രണ്ടു പേർ വീതം എന്ന കണക്കിൽ 36 വനിതകൾ അടങ്ങുന്നതാണ് ഹരിത കർമ്മസേന. ഇതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

പ്ലാസ്റ്റിക് മാലിന്യശേഖരണം ഇങ്ങനെ

ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കടകളിലും ഒരുമാസത്തിൽ ഒരു ദിവസമെത്തി അവിടെ വൃത്തിയാക്കി വയ്ക്കുന്ന കുപ്പികൾ, സഞ്ചികൾ ഉൾപ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. ഇതിനായി യൂസർ ഫീയായി ഒരു വീട്ടിൽ നിന്ന് 30 രൂപയും ചെറിയ കടകളിൽ നിന്ന് 50 രൂപയും വലിയ കടകളിൽ നിന്ന് 100 രൂപയും ഈടാക്കും.

കരാർ ക്ളീൻ കേരള കമ്പനിയുമായി

ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെരുങ്ങുഴിയിലെ പഞ്ചായത്ത് മാർക്കറ്റിൽ സംവിധാനം ചെയ്തിട്ടുള്ള സ്ഥലത്ത് എത്തിക്കും. അവ അവിടെനിന്ന് ക്ളീൻ കേരള കമ്പനി കൊണ്ടുപോകും. ഇതിനായി കമ്പനിയുമായി ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയ കരാർ പ്രകാരം ഒരു നിശ്ചിത തുക മാലിന്യത്തിന്റെ ഭാരം കണക്കാക്കി നൽകണം.

ഇ - വേസ്റ്റ്

പഴയ ടൂബ്, ബൾബ്, കംപൂട്ടർ, ടി.വി സെറ്റ്, ബാറ്ററി മുതലായ ഇ - വേസ്റ്റുകൾ പഞ്ചായത്തിൽ നിന്ന് നിർമാർജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

ജൈവമാലിന്യം

വീട്ടുവളപ്പിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീടുകളിൽത്തന്നെ ജൈവവളമാക്കി മാറ്റും

അഴൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾക്ക് നാട്ടുകാരുടെ പൂർണ സഹകരണവും പിന്തുണയും ആവശ്യമാണ്. അതിനായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ആർ. അനിൽ, പ്രസിഡന്റ്, അഴൂർ ഗ്രാമപഞ്ചായത്ത്