varges-

നാഗർകോവിൽ: മാർത്താണ്ഡത്ത് മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഡ്രൈവറെ കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മാർത്താണ്ഡം ഉണ്ണാമലക്കട പയ്യണം സ്വദേശി ചാർളസിനെ (43) കൊലപ്പെടുത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി വർഗീസിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 19ന് രാത്രി ഉണ്ണാമലക്കട ജംഗ്ഷനിൽ വച്ച് മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിൽ ക്ഷുഭിതനായ വർഗീസ് ചാർളസിനെ ചവിട്ടുകയും ചവിട്ടേറ്റ ചാർളസ് എതിരെ വന്ന ബൈക്കിന് മുകളിലൂടെ വീഴുകയുമായിരുന്നു. കാര്യമായി പരിക്കേറ്റ ചാർളസിനെ ഉ‌ടൻതന്നെ നാട്ടുകാർ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇയാൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വർഗീസിനെ മാർത്താണ്ഡം എസ്.ഐ മുത്തുക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.