നെയ്യാറ്റിൻകര: പൊലീസ് വാഹനം കട്ടപ്പുറത്തായതോടെ നെയ്യാറ്റിൻകര പൊലീസ് പട്രോളിംഗിനും മറ്റ് അവശ്യ യാത്രകൾക്കും ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെ. സ്റ്റേഷനിലെ വാഹനം പണി മുടക്കിയതോടെ പൊലീസ് പട്രോളിംഗ് അടക്കമുള്ള സ്റ്റേഷൻ യാത്രകൾ അവതാളത്തിലായി.
നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ പഞ്ചായത്തും അടങ്ങുന്ന പ്രദേശമാണ് നെയ്യാറ്റിൻകര പൊലീസ് പരിധിയിൽ വരുന്നത്.
സ്റ്റേഷനിലെ ആവശ്യങ്ങൾക്കായി പ്രവർത്തന സജ്ജമായ രണ്ട് വാഹനങ്ങൾ എപ്പോഴും ഉണ്ടാകണമെന്നാണ് പൊലീസിന്റെ ആവശ്യം. പൊലീസ് വാഹനം വർക്ക്ഷോപ്പിലായതോടെ അത്യാവശ്യ യാത്രകൾക്ക് നെയ്യാറ്റിൻകര പൊലീസിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് മലയിൻകീഴ് സ്റ്റേഷനിലെ ഒരു വാഹനമാണ് ഇപ്പോൾ വീട്ടുകൊടുത്തിട്ടുള്ളത്. നിർണായക ഘട്ടങ്ങളിൽ പൊലീസ് ഇപ്പോൾ മറ്റ് സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും നെയ്യാറ്റിൻകര പൊലീസ് പരിധിയിൽ ഉണ്ടാകുന്ന വിഷയങ്ങളിലും പ്രശ്നങ്ങളിലും സംഭവസ്ഥലത്ത് പൊലീസിന് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് പ്രായോഗികമായി സുതാര്യമല്ലെന്നാണ് ഒരുവിഭാഗം പൊലീസുകാരുടെ അഭിപ്രായം. പൊലീസ് വാഹനം അടിയന്തരമായി അറ്റകുറ്റപണി നടത്തി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വാഹനം വാങ്ങിയത് 2010ൽ
2010ലാണ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് രണ്ടു വാഹനങ്ങൾ അനുവദിച്ചിരുന്നത്. ഒരെണ്ണം വർഷങ്ങൾക്ക് മുൻപേ പണിപ്പുരയിലായി. പിന്നീട് ഉണ്ടായിരുന്ന ഒരു വാഹനമാണ് സ്റ്റേഷൻ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതാണ് മാസങ്ങളായി പണിമുടക്കി വർക്‌ഷോപ്പിലായിട്ടുള്ളത്.
തകരാർ പരിഹരിച്ചില്ല
വാഹനത്തിന്റെ സിസ്റ്റം കൺട്രോൾ ചെയ്യുന്ന ഐ.സി അടക്കമുള്ള ബോർഡിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഇത് മാറ്റി സ്ഥാപിക്കുന്നതിന് 24,000 രൂപയോളം ചെലവ് വരും.
ഇതിന് പൊലീസിന്റെ ഉന്നതതലത്തിൽ നിന്നുള്ള അനുവാദം ലഭിക്കാത്തതാണ് വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള കാലതാമസത്തിനിടയാക്കുന്നത്.
പരിശോധനകൾ ബുദ്ധിമുട്ടിൽ
പ്രതിമാസം 300ഓളം സിവിൽ ക്രിമിനൽ കേസുകളാണ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കൊവിഡ് കാലമായതിനാൽ അതുമായി ബന്ധപ്പെട്ട പരിശോധനകളും വേറെയുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും വാഹനമില്ലാതായത് നെയ്യാറ്റിൻകര പൊലീസിനെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.