ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരം കൊവിഡ് 'സി' കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ ഈ ആഴ്ചയിൽ പാലിക്കേണ്ട കർശന നിയന്ത്രണങ്ങൾ നാഗരസഭ പ്രഖ്യാപിച്ചു. മത്സ്യം, മാംസം, പാൽ, പലവ്യഞ്‌ജനം, പച്ചക്കറി മുതലായവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. നഗരത്തിലെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കണം. ഭക്ഷണശാലകളിൽ നിന്ന് ഹോം ഡെലിവറിക്ക് മാത്രമേ അനുവാദമുണ്ടാകൂ. എല്ലാ വ്യാപാര സ്ഥാപനങ്ങളും വെള്ളിയാഴ്ച ദിവസം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. ശനി, ഞായർ ദിവസങ്ങൾ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. വഴിയോരക്കച്ചവടവും പൊതു മാർക്കറ്റുകളും പൂർണമായും നിരോധിച്ചു. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പാടില്ല. മരണം കല്യാണം എന്നീ ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടുള്ളതല്ല. ഓട്ടോറിക്ഷ, ടാക്സി, മറ്റ് പൊതു ഗതാഗത സർവ്വീസുകൾ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അനുവദിക്കില്ല.
അനുവദനീയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായും സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അനാവശ്യ യാത്രകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ആറ്റിങ്ങൽ നഗരത്തിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തുന്നത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.56 ശതമാനമാണ്. നഗരസഭയും, താലൂക്ക് ഭരണകൂടവും, പൊലീസും യഥാസമയം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കുമെതിരെ കൊവിഡ് ചട്ടലംഘന കുറ്റം ചുമത്തി കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു.