തിരുവനന്തപുരം: 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹി നാഷണൽ വാർ മെമ്മോറിയലിൽ നിന്നാരംഭിച്ച വിജയ ദീപശിഖ ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തും. പാങ്ങോട് സൈനിക കേന്ദ്രമേധാവി ദീപശിഖ ഏറ്റുവാങ്ങും.
ദീപശിഖാ വാഹകർ നാളെ 1971 യുദ്ധത്തിൽ പങ്കെടുക്കുകയും വീർചക്ര ബഹുമതി നേടുകയും ചെയ്ത തിരുവനന്തപുരം ചെട്ടികുളങ്ങര സ്വദേശിയായ ക്യാപ്ടൻ ഗോപകുമാർ രാമൻപിള്ളയുടെ വീട് സന്ദർശിച്ച് അവിടത്തെ മണ്ണ് ശേഖരിക്കും. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതഗോപകുമാറിനെ ആദരിക്കും.
അഞ്ചിന് പാങ്ങോട് യുദ്ധ സ്മാരകത്തിൽ, 1971 യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി പുഷ്പചക്രം സമർപ്പിക്കും. ആറിന് ദീപശിഖ ദക്ഷിണവ്യോമസേനയ്ക്ക് കൈമാറുകയും, 7ന് തിരുവനന്തപുരം നാവികസേനാ യൂണിറ്റിനും, 8ന് എൻ.സി.സിക്കും, 9ന് വിഴിഞ്ഞത്തെ തീരസംരക്ഷണസേനയ്ക്കും ശേഷം 10ന് കന്യാകുമാരിയിലേക്ക്‌പോകും.