വർക്കല: വൈദ്യുതി എത്താത്തതുമൂലം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ വെളിച്ചമെത്തി. കടമ്പാട്ടുകോണം കെ.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽത്താഫിന്റെ വീട്ടിലാണ് വൈദ്യുതി വെളിച്ചമെത്തിയത്.
സ്കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഡ്വ. വി. ജോയി എം.എൽ.എയുടെ അടുത്ത് അൽത്താഫിന്റെ വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ച് അദ്ധ്യാപകരും പി.ടിഎ.യും ചേർന്ന് അറിയിച്ചു. ഉടൻതന്നെ എം.എൽ.എ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പലവക്കോടുള്ള അൽത്താഫിന്റെ വീട്ടിൽ വൈദ്യുതി കണക്‌ഷൻ നൽകി.
കല്ലമ്പലം ഇലക്ട്രിക്കൽ സെക്‌ഷന് കീഴിലുള്ള നാവായിക്കുളം ചാമവിളവീട്ടിൽ ബാബുവിന്റെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആരോമൽ വിദ്യാഭ്യാസ മന്ത്റിക്ക് വൈദ്യുതി ഇല്ലാത്തതുമൂലം പഠിക്കാൻ കഴിയുന്നില്ലെന്ന് കത്തയച്ചു. മന്ത്റി ഇടപെട്ട് ആരോമലിന്റെ വീടിന് കണക്‌ഷൻ നൽകി. ചാവർകോട് രജനിയുടെ മക്കൾ അനന്തു, ആതിര എന്നിവർക്കും കല്ലമ്പലം ചിറ്റായിക്കോട് തലവിളവീട്ടിൽ സതിയുടെ മക്കൾ ഏഴാം ക്ലാസിൽ പഠിക്കുന്ന സജിമോൻ, ആറാംക്ലാസിൽ പഠിക്കുന്ന സജി എന്നിവരുടെ വീടുകളിലും അഡ്വ. വി. ജോയി എം.എൽ.എ ഇടപെട്ട് വൈദ്യുതി എത്തിച്ചു. കെ.എസ്.ഇ.ബി കല്ലമ്പലം അസി. എക്സിക്യൂട്ടിവ് എൻജിനിയർ അൽത്താഫ്, എ.ഇ സുനിൽകുമാർ, പള്ളിക്കൽ എ.ഇ പ്രശാന്ത്, ഓവർസിയർ രാജറാവു, കെ.എസ്.ഇ.ബി അസോസിയേഷൻ പ്രസിഡന്റ് ഷാജഹാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, സലിംകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ്, അൻസാരി തുടങ്ങിയവർ വെളിച്ചമെത്തിയ കുട്ടികളുടെ വീടുകളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.