വർക്കല: ലോക ടൂറിസം ഭൂപടത്തിൽ ഇടം തേടിയ വർക്കല പാപനാശം തീരത്ത് സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം. തിരുവമ്പാടി ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമം നടന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സുരക്ഷാസംവിധാനങ്ങൾ വേണമെന്ന ആവശ്യവുമായി വിനോദസഞ്ചാരികളും റിസോർട്ട് - ഹോംസ്റ്റേ ഉടമകളും നാട്ടുകാരും രംഗത്തെത്തിയത്.
പ്രഭാതസവാരിക്കും, സായാഹ്ന സവാരിക്കും ഇറങ്ങുമ്പോഴാണ് വിദേശികൾ പലവിധത്തിലുള്ള അതിക്രമങ്ങൾക്കും കൈയേറ്റങ്ങൾക്കും ഇരയാകേണ്ടിവരുന്നത്. സന്ധ്യ മയങ്ങിയാൽ തീരമേഖലയിൽ ഒറ്റയ്ക്കും സംഘം തിരിഞ്ഞുമെത്തുന്ന സാമൂഹ്യവിരുദ്ധർ ഇക്കൂട്ടർക്ക് നേരെ അതിക്രമം കാട്ടിയാൽ പലപ്പോഴും ഒത്തുതീർപ്പിൽ അവസാനിക്കാറാണ് പതിവ്. അപൂർവം ചില വിദേശികൾ മാത്രമാണ് പൊലീസിൽ പരാതിപ്പെടുന്നത്.
പാപനാശത്ത് തങ്ങുന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് കൊവിഡ് പരിശോധന നടത്തുന്നതിന് ഒരു നടപടിയും ബന്ധപ്പെട്ട ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും ഇനിയും സ്വീകരിച്ചിട്ടില്ല. പാപനാശം തീരമേഖലയിൽ പൊലീസിന്റെ കൃത്യമായ നിരീക്ഷണവും സാന്നിദ്ധ്യവും ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. ടൂറിസം മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ്, ആരോഗ്യവകുപ്പ്, ടൂറിസം വകുപ്പ്, നഗരസഭ, കെ.എസ്.ഇ.ബി എന്നിവർ സംയുക്തമായി ചർച്ചകൾ നടത്തി പ്രശ്നപരിഹാരം കാണാൻ തയ്യാറാകണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
പ്രശ്നങ്ങൾക്ക് കാരണം
പൊലീസ് പട്രോളിംഗ് ഇല്ല
തെരുവ് വിളക്കുകൾ കത്തുന്നില്ല
കുറ്റകൃത്യം തടയാൻ സി.സി ടിവികളും സ്ഥാപിച്ചിട്ടില്ല
മതിയായ ലൈഫ് ഗാർഡുകൾ ഇല്ല
പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നാവശ്യവും പരിഗണിക്കുന്നില്ല
നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ
കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാതെ നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇപ്പോഴും പാപനാശം വർക്കല പാപനാശം മേഖലയിലെ വിവിധ റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും കഴിയുന്നത്. ഇവർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
തങ്ങുന്നത്
ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോഴും പാപനാശം മേഖലയിൽ തങ്ങുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെ തങ്ങുന്നുണ്ട്.
തിരുവമ്പാടി ബീച്ച്
ആളൊഴിഞ്ഞ തീരമാണ് തിരുവമ്പാടി ബീച്ച്. ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടങ്ങളിൽ പലപ്പോഴും വിദേശികൾ വിശ്രമിക്കാനായി തങ്ങാറുണ്ട്. ഒറ്റപ്പെട്ട പ്രദേശം കൂടിയായതിനാൽ അക്രമി സംഘങ്ങൾക്ക് മദ്യപിക്കാനും കുറ്റകൃത്യങ്ങൾ നടത്തുവാനും ഇവിടം കൂടുതൽ സഹായകമാവുകയാണ്.
വർക്കല പാപനാശം ടൂറിസം മേഖലയിലെ സുരക്ഷാസംവധാനങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
അഡ്വ. എസ്. കൃഷ്ണകുമാർ, ചെയർമാൻ, വോയ്സ് ഒഫ് വർക്കല
ക്യാപ്ഷൻ: വർക്കല തിരുവമ്പാടി ബീച്ച്