ksudhakaran

തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് ഹൈക്കമാൻഡിന്റെ അനുമതി തേടാനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നോ നാളെയോ ഡൽഹിക്ക് പോകും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരിഖ് അൻവറുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം മതി ഇവിടെ മുതിർന്ന നേതാക്കളുമായുള്ളചർച്ചയെന്നാണ് ധാരണ. ഇന്നലെ ഉന്നതതല നേതാക്കളുടെ യോഗം വിളിച്ചിരുന്നെങ്കിലും ഹൈക്കമാൻഡിനോട് അഭിപ്രായം തേടണമെന്ന നിർദ്ദേശം ചില മുതിർന്ന നേതാക്കൾ വച്ചതോടെ അവസാനനിമിഷം അത് റദ്ദാക്കി.

ജംബോ കമ്മിറ്റികൾ ഒഴിവാക്കി പ്രവർത്തനസജ്ജരായ നേതാക്കളെ മാത്രമുൾപ്പെടുത്തി കെ.പി.സി.സി., ഡി.സി.സി പുന:സംഘടന നടത്താനായിരുന്നു കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിലെ തീരുമാനം. ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായാണ് ഇന്നലെ യോഗം ചേരാനിരുന്നത്.

കെ.പി.സി.സിയിലെയും ഡി.സി.സിയിലെയും പല മുതിർന്ന നേതാക്കളെയും ഒഴിവാക്കേണ്ടി വരുമ്പോൾ അത് പൊട്ടിത്തെറിയിലേക്ക് വഴിവച്ചേക്കാം. അതൊഴിവാക്കാനും കൂടിയാണ് ഹൈക്കമാൻഡിനെ അറിയിച്ചുകൊണ്ടുള്ള നീക്കം.